News

നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കാനുള്ള നീക്കവുമായി ഐഇഎക്സ്

നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കാനുള്ള നീക്കവുമായി ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (ഐഇഎക്സ്). 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. അതായത്, ഒരു വ്യക്തി കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും 2 അധിക ഓഹരികള്‍ ലഭിക്കും. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബോണസ് ഓഹരിക്കുള്ള ശുപാര്‍ശ നല്‍കിയതെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ, ഈ തീരുമാനം തപാല്‍ ബാലറ്റിലൂടെ ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരത്തിന് വിധേയമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

2021 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തില്‍നിന്ന് നീക്കിവച്ച കരുതല്‍ ശേഖരത്തില്‍നിന്ന് തുക ചെലവഴിച്ചാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ബോണസ് ഇഷ്യു പ്രകാരം, ഒരു രൂപ മുഖവിലയുള്ള 59,91,13,022 ഇക്വിറ്റി ഷെയറുകളാണ് നിക്ഷേപകര്‍ക്ക് കൈമാറുക. നിലവില്‍, 1 രൂപ മുഖവിലയുള്ള 29,95,56,511 ഓഹരികളാണ് കമ്പനിക്കുള്ളത്. ബോണസ് മീറ്റിംഗ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ (2021 ഡിസംബര്‍ 20 നുള്ളില്‍) ബോണസ് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യുകയോ അയയ്ക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍, 779 രൂപ (22102021, 11.15) യാണ് ഐഇഎക്സിന്റെ ഒരു ഒഹരിയുടെ വില. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 20 ശതമാനം വര്‍ധനയോടെ ഏറ്റവും ഉയര്‍ന്ന നിരക്കായ 956 തൊട്ടെങ്കിലും ഓഹരി വില കുത്തനെ ഇടിയുകയായിരുന്നു. ബോണസ് ഇഷ്യു കമ്പനി ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഇന്ന് 21 രൂപയോളമാണ് ഓഹരി വില ഉയര്‍ന്നത്. അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മികച്ച നേട്ടമാണ് കമ്പനി നേടിയത്. അറ്റാദായം 75 ശതമാനം വര്‍ധിച്ച് 77 കോടി രൂപയായി. മുന്‍പാദത്തിലെ ഇത് 44.33 കോടി രൂപയായിരുന്നു. മൊത്തം വരുമാനം കഴിഞ്ഞ കാലയളവിലെ 78.71 കോടി രൂപയില്‍ നിന്ന് 122.30 കോടി രൂപയായും ഉയര്‍ന്നു.

Author

Related Articles