ലോകസമ്പദ് വ്യവസ്ഥ മൂന്ന് ശതമാനം താഴും; അമേരിക്കയിൽ 5.9 ശതമാനവും ബ്രിട്ടനിൽ 6.5 ശതമാനവും വളർച്ചാ നിരക്ക് താഴുമ്പോൾ ചൈന 1.2 ശതമാനം വളർച്ച രേഖപ്പെടുത്തും; 1.9 ശതമാനം വളർച്ചാ നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്; കൊറോണയ്ക്ക് ശേഷം സമ്പദ് വ്യവസ്ഥ എങ്ങനെയാവുമെന്ന് ഐ എം എഫ് റിപ്പോർട്ട്
ലണ്ടൻ: കൊറോണയെന്ന കൊലയാളി വൈറസ് ലോകത്തെ വിഴുങ്ങാൻ തുടങ്ങുന്നതിന് മുൻപ്, ലോക സംബദ്ഘടന സൂക്ഷമമായി നിരീക്ഷിക്കുന്ന ഇന്റർനഷണൽ മോണിറ്ററി ഫണ്ട് ( ഐ എം എഫ്) പ്രവചിച്ചത് ആഗോള സമ്പദ്ഘടനയിൽ ശരാശരി 3.3 ശതമാനത്തിന്റെ വളർച്ചയായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു. അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയിൽ മനുഷ്യനെ കാത്തിരുന്നത്. എല്ലാ സ്വപ്നങ്ങളും തച്ചുടച്ച് കൊറോണ തേരോട്ടം തുടരുമ്പോൾ ഭാവിയുടെ ചിത്രം മാറി മറിയുകയാണ്. ലോക സമ്പദ്വ്യവസ്ഥ 3 ശതമാനം ശോഷിക്കും എന്നാണ് ഐ എം എഫിന്റെ പുതിയ പ്രവചനം.
2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാൻ ലോകരാഷ്ട്രങ്ങൾ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ ദുരന്തത്തെ നേരിടാൻ. അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഈ 3 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാൻ പോകുന്ന ദുരിതങ്ങൾ എന്തെല്ലാമായിരിക്കുമെന്നത് ആലോചിക്കാൻ കൂടി കഴിയാത്ത അവസ്ഥയിലാണ്.
കൊറോണാനന്തരകാലത്ത് സാമ്പത്തിക ദുരിതം അനുഭവിക്കാൻ പോകുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അധികവും പാഴ്ചാത്യ രാജ്യങ്ങൾ തന്നെയായിരിക്കും. അമേരിക്കയുടെ സാമ്പത്തിക വളർച്ചയിൽ 5.9 ശതമാനത്തിന്റെ കുറവാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത് എങ്കിൽ ബ്രിട്ടനിൽ അത് 6.5% ആണ്. ഇറ്റലിയിൽ 9.1 ശതമാനവും, സ്പെയിനിൽ 8 ശതമാനവും ഫ്രാൻസിൽ 7.2 ശതമാനവും ജർമ്മനിയിൽ 7 ശതമാനവും കുറവായിരിക്കും അനുഭവപ്പെടുക. അതായത് ഈ വർഷവും അടുത്ത വർഷവും കൂടി ഏകദേശം 9 ട്രില്ല്യൺ ഡോളറിന്റെ ജി ഡി പി അപ്രത്യക്ഷമാകുമെന്നർത്ഥം.
എന്നാൽ, ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈന ഏകദേശം 1.2 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തും എന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട്, മറ്റ് രാജ്യങ്ങൾ പിൻവലിക്കുന്നതിന് അത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളർച്ചയുടെ കാര്യത്തിൽ 1.9 ശതമാനത്തോടെ ഇന്ത്യയായിരിക്കും മുന്നിലെന്നും പ്രവചനത്തിലുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ചൈനയും ഇന്ത്യയും രേഖപ്പെടുത്തിയത് യഥാക്രമം 6.1%, 4.2% വളർച്ചാ നിരക്കായിരുന്നു എന്നതോർക്കണം. ചുരുക്കി പറഞ്ഞാൽ, ഈ രണ്ട് രാജ്യങ്ങൾക്കും പല പാശ്ചാത്യ രാജ്യങ്ങളേയും പോലെ തകർച്ച അനുഭവിക്കേണ്ടി വരില്ലെങ്കിലും അവരുടെ വളർച്ചയുടെ പാതയിലും വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന് ചുരുക്കം.
കൊറോണ ലോകവ്യാപകമാകുന്നതിന് മുൻപായി 3.3 % വളർച്ച പ്രവചിച്ചിടത്താണ് ഇപ്പോൾ ഈ തകർച്ച പ്രവചിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തടയുവാനായി പല രാഷ്ട്രങ്ങളും കൈക്കൊണ്ട കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഒക്കെത്തന്നെയാണ് ഈ തകർച്ച്ക്ക് കാരണം.
എന്നാൽ ഭാവി, ഐ എം എഫ് പ്രവചിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും എന്നാണ് ചാൻസലർ ഋഷി സുനക് പറയുന്നത്.നിയന്ത്രണങ്ങൾ ഇനിയും മൂന്നു മാസം കൂടി തുടരുകയാണെങ്കിൽ ജി ഡി പിയിൽ 35% കുറവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനം വർദ്ധിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. സർക്കാരിന്റെ കമ്മി 273 ബില്ല്യൺ പൗണ്ടായി വർദ്ധിക്കുകയും ചെയ്യും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദാരുണമായ സ്ഥിതിയാണിത്. അതിനാൽ തന്നെ കൂടുതൽ കടുത്ത നടപടികൾ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.
ആഗോള വ്യാപാരം 11 ശതമാനം താഴേക്ക് പോകുമെന്നും പിന്നീട് 2021 ൽ 8.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുമെന്നും പ്രവചനത്തിൽ പറയുന്നു. ഈ വർഷത്തിന്റെ രണ്ടാം പാദത്തിലായിരിക്കും ലോകത്തെ മിക്ക രാജ്യങ്ങളിലും കൊറോണ ബാധയുടെ മൂർദ്ധന്യ ഘട്ടം ഉണ്ടാവുക എന്ന കണക്കുകൂട്ടലിലാണ് ഇത് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഇത്മൂന്നാം പാദത്തിലേക്ക് നീളുകയാണെങ്കിൽ വീണ്ടും ഒരു മൂന്നു ശതമാനത്തിന്റെ കുറവ് കൂടി അനുഭവപ്പെട്ടേക്കാം എന്നും 2021 ലെ കരകയറ്റം കൂടുതൽ മന്ദഗതിയിൽ ആകാം എന്നും ഐ എം എഫിന്റെ ചീഫ് എക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് പറയുന്നു.മാത്രമല്ല, 2021 ൽ കോറോണയുടെ ഒരു തിരിച്ചുവരവുണ്ടായാൽ അവസ്ഥ കൂടുതൽ വഷളാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.ആറു രാജ്യങ്ങളുടെ ഏകദേശം 500 മില്ല്യൺ ഡോളർ മൂല്യമുള്ള കടം തിങ്കളാഴ്‌ച്ച എഴുതിത്ത്തള്ളുവാൻ ഐ എം എഫ് തീരുമാനിച്ചിരുന്നു. ഇത് പകർച്ചവ്യാധിയെ തുരത്താനുള്ള ശ്രമത്തിൽ ഈ രാജ്യങ്ങൾക്ക് സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍