News

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി വെട്ടിച്ചുരുക്കി ഐഎംഎഫ്

മുംബൈ: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2021-22 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. രാജ്യത്ത് കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധികളെ തുടര്‍ന്നാണ് മൂന്ന് ശതമാനം പോയിന്റ് വളര്‍ച്ചാ പ്രവചനം താഴ്ത്തിയത്. ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) അനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി തുടരും. ഐഎംഎഫ് നടത്തിയ വളര്‍ച്ചാ പ്രവചനങ്ങളില്‍ ഏറ്റവും വലിയ ഇടിവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലാണ് പ്രവചിക്കുന്നത്.

കൊവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ട് വര്‍ഷങ്ങളില്‍ ജിഡിപിയുടെ 10 ശതമാനത്തിലധികം ഇന്ത്യയ്ക്ക് നഷ്ടമാക്കി എന്നാണ് ഈ പ്രവചനങ്ങള്‍ അര്‍ത്ഥമാക്കുന്നത്. പകര്‍ച്ചവ്യാധി ഇല്ലായിരുന്നുവെങ്കില്‍ സാധാരണ വളര്‍ച്ച പ്രതിവര്‍ഷം ആറ് ശതമാനമാകുമായിരുന്നു. ഐഎംഎഫ് കണക്കാക്കുന്നതനുസരിച്ച് ഈ രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയുടെ ജിഡിപി ഏകദേശം 10.9 ശതമാനം പിന്നിലാകും. എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2021 ഏപ്രിലില്‍ പ്രതീക്ഷിച്ച 6.9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി ഉയര്‍ത്തി നിശ്ചയിച്ചു. 1.6 ശതമാനം പോയിന്റ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്.

Author

Related Articles