News

ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബഗാളിന് 1000 കോടി രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബഗാളിന് സഹായ ഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിര സഹായമായി ആയിരം കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ട്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം, പുനര്‍നിര്‍മ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാവിലെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് നടത്തിയ അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്.

ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.

Author

Related Articles