News

ഭക്ഷ്യഎണ്ണ വിലയില്‍ ആശ്വാസവുമായി സര്‍ക്കാര്‍; ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍. പാംഓയില്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാര്‍ഷിക സെസില്‍ കുറവുവരുത്തുകയും ചെയ്തു. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപ മുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 മാര്‍ച്ച് 31വരെയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2ശതമാനവും സണ്‍ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 5.5ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്‌കരിച്ച സൂര്യകാന്തി, സോയാബീന്‍ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5ശതമാനത്തില്‍നിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്.

അസംസ്‌കൃത പാമോയിലിന് കാര്‍ഷിക-ഇന്‍ഫ്രസ്ട്രേക്ചര്‍ ഡെവലപ്മെന്റ് സെസായി 17.5 ശതമാനവും സണ്‍ ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 20 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറയും. ഇറക്കുമതി തീരുവയില്‍ നേരത്തെ സര്‍ക്കാര്‍ കുറവുവരുത്തിയിരുന്നെങ്കിലും വിപണിയില്‍ പ്രതിഫലിച്ചിരുന്നില്ല. വര്‍ധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

News Desk
Author

Related Articles