News

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ മുന്നേറ്റം ദൃശ്യമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ മുന്നേറ്റം ദൃശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ യോഗത്തിന്റെ ആദ്യ ദിവസം 21 മുഖ്യമന്ത്രിമാരെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്‍ലോക്ക് 1.0 ന്റെ ആദ്യത്തെ രണ്ടാഴ്ചത്തെ അനുഭവം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭാവിയിലേക്കുള്ള തന്ത്രം രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വീകരിച്ച നടപടികളിലൂടെ, തിരിച്ചുവരവ് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ദൃശ്യമാണ്. നേരത്തെ കുറഞ്ഞിരുന്ന വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലെ രാസവള വില്‍പ്പന കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലുളള കണക്കുകളെ അടിസ്ഥാനമാക്കിയാല്‍ ഇരട്ടിയായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് വിതയ്ക്കല്‍ 12-13 ശതമാനം കൂടുതലാണ്, ' തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

'ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയ്ക്ക് വീഴ്ച കൈകാര്യം ചെയ്യാനും സമ്പദ്വ്യവസ്ഥയെ പരിപാലിക്കാനും കഴിയുമെന്ന് സംസ്ഥാനങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാ നിയന്ത്രണങ്ങളും പാലിച്ചാല്‍ കൊറോണയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് അണ്‍ലോക്ക് 1 നമ്മെ പഠിപ്പിച്ചു , ''മോദി പറഞ്ഞു.

Author

Related Articles