News

ആദായ നികുതി ഇ-ഫയലിംഗിന് പുതിയ പോര്‍ട്ടല്‍ വരുന്നു; ജൂണ്‍ 7 മുതല്‍ ലഭ്യമാകും

രാജ്യത്ത് ആദായ നികുതി വകുപ്പ് ഇ-ഫയലിംഗിന് പുതിയ പോര്‍ട്ടല്‍ സജ്ജമാക്കുന്നു. ജൂണ്‍ 7 മുതല്‍ പുതിയ പോര്‍ട്ടല്‍ ലഭ്യമാകുമെന്ന് ഇന്‍കം ടാക്സ് ഡയറക്ടറേറ്റ് എല്ലാ ഫീല്‍ഡ് യൂണിറ്റുകള്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നു. അതേസമയം പുതിയ പോര്‍ട്ടല്‍ സജ്ജമാക്കുന്നതിനാല്‍ ജൂണ്‍ ഒന്നുമുതല്‍ ആറുവരെ നിലവിലിലെ പോര്‍ട്ടലില്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ഈ ദിവസങ്ങളില്‍ നികുതിദായകര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍മാര്‍ക്കും പോര്‍ട്ടല്‍ ലഭ്യമാകില്ല, അതിനാല്‍ ആറ് ദിവസ കാലയളവില്‍ ഇ-ഫയലിംഗ് നടപടികള്‍ക്കുള്ള തീയതികള്‍ നിശ്ചയിക്കരുതെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

'പുതിയ സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തിനുള്ള തയാറെടുക്കുന്നതിനാല്‍ നിലവിലുള്ള ഇ-ഫയലിംഗ് പോര്‍ട്ടല്‍ നികുതിദായകര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജൂണ്‍ 1 മുതല്‍ ജൂണ്‍ 6 വരെ ആറ് ദിവസത്തേക്ക് ലഭ്യമാകില്ല,'' ഇന്‍കം ടാക്സ് ഡയറക്റ്ററേറ്റ് നോട്ടീസില്‍ പറയുന്നു.വിലയിരുത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിഎ, സിപിസി സംവിധാനം തുടര്‍ന്നും പ്രവര്‍ത്തിക്കും. ജൂണ്‍ 7 ന് പുതിയ പോര്‍ട്ടല്‍ ലഭ്യമായാല്‍ ഈ കാലയളവില്‍ നല്‍കിയ എല്ലാ ഓര്‍ഡറുകളും നോട്ടീസുകളും നികുതിദായകര്‍ക്ക് ദൃശ്യമാകും,'' നോട്ടീസില്‍ പറയുന്നു. അതേസമയം നികുതിദായകര്‍ക്ക് പുതിയ പോര്‍ട്ടലുമായി പരിചയിക്കാന്‍ ജൂണ്‍ 10ന് ശേഷം ഹിയറിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത ഹിയറിംഗുകള്‍ ജൂണ്‍ 10 ന് ശേഷം മാറ്റുകയോ മാറ്റിവയ്ക്കുകയോ ചെയ്യും.

Author

Related Articles