News

നികുതിദായകര്‍ക്ക് ആശ്വാസം; ആദായനികുതി റിട്ടേണ്‍ ഇനി അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലൂടെ സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി ആദായനികുതി വകുപ്പ്. ഇതോടെ നികുതിദായകര്‍ക്ക് അവരുടെ അടുത്തുള്ള പോസ്റ്റോഫീസുകളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ ആദായനികുതി റിട്ടേണ്‍സ് (ഐടിആര്‍) ഫയല്‍ ചെയ്യാന്‍ കഴിയും. കൊവിഡ് വ്യാപനത്തിനിടെയാണ് നികുതി ദായകരില്‍ പലര്‍ക്കും ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി വകുപ്പിന്റെ പുതിയ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.
 
ഇന്ത്യാ പോസ്റ്റും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്, 'ഇപ്പോള്‍ നിങ്ങളുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതില്ലെന്നും നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിലെ സിഎസ്സി കൗണ്ടറിലെത്തിയാല്‍ എളുപ്പത്തില്‍ ആദായനികുതി സേവനങ്ങള്‍ ലഭ്യമാകുമെന്നും ഇന്ത്യാ പോസ്റ്റ് വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസിലെ സിഎസ്സി കൗണ്ടറുകള്‍, തപാല്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങി നിരവധി സാമ്പത്തിക സേവനങ്ങള്‍ ഒരൊറ്റ സ്ഥലത്ത് തന്നെ ആളുകള്‍ക്ക് ലഭ്യമാക്കുന്നതാണ് ഈ സേവനങ്ങള്‍. ആദായനികുതിയ്ക്ക് പുറമേ ഈ പോസ്റ്റ് ഓഫീസ് സിഎസ്സി കൗണ്ടറുകള്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ മറ്റ് നിരവധി ഇലക്ട്രോണിക് സേവനങ്ങളും നല്‍കുന്നുണ്ട്.

നികുതിദായകര്‍ക്ക് പുതിയ ആദായനികുതി വെബ്സൈറ്റിന് പുറമേ പോസ്റ്റ് ഓഫീസ് സിഎസ്സികളും ഉപയോഗിക്കാം. മിക്ക ഉപയോക്താക്കളും ഓണ്‍ലൈനില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നത് എളുപ്പമായാണ് കണക്കാക്കുന്നത്. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത കുറച്ച് പേരാണ് അവരുടെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ പോസ്റ്റ് ഓഫീസ് സിഎസ്സികളെ ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ്മ പുതിയ ആദായനികുതി പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Author

Related Articles