News

കൊറോണയില്‍ തൊഴില്‍ രീതികള്‍ മാറുന്നു; വര്‍ക്ക് ഫ്രം ഹോം ജീവനക്കാരുടെ എണ്ണത്തില്‍ 3 മടങ്ങ് വര്‍ധന

കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ തൊഴിലില്ലായ്മയുടെ വക്കിലുമാണ്. ചെലവ് ചുരുക്കുന്നതിനായി, പല കമ്പനികളും പകര്‍ച്ചവ്യാധിയുടെ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാല്‍ ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി. ഈ കാലയളവില്‍, ലോക്ക്ഡൗണിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം 3 മടങ്ങ് വര്‍ദ്ധിപ്പിച്ചതായി നൗക്കരി ഡോട്ട് കോം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് -19 സാഹചര്യം കാരണം, നിയമനം, പിരിച്ചുവിടല്‍ പ്രവണതകളില്‍ ലോകമെമ്പാടും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോക്ക്‌ഡൌണ്‍ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷം 4 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഏപ്രില്‍ ആദ്യം മുതല്‍ ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്.

നൗക്കരി ഡോട്ട് കോമിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയലിന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന ജോലികള്‍ക്ക് വളര്‍ച്ചയുണ്ടെങ്കിലും ആഗോള മഹാമാരി കാരണം വളര്‍ച്ച ഒന്നിലധികം മടങ്ങ് വര്‍ദ്ധിച്ചു. പരമ്പരാഗതമായി ഓഫീസ് അധിഷ്ഠിത അല്ലെങ്കില്‍ ഓണ്‍-ഗ്രൌണ്ട് ജോലികളായിരുന്ന സെയില്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ ഏജന്റുകള്‍ എന്നിവ പോലുള്ള ജോലികള്‍ ഇപ്പോള്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാമെന്ന് ഗോയല്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് -19 മഹാമാരി കാരണം വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ചില നേട്ടങ്ങളുണ്ട്. പ്രൊഫഷണല്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിമാസം 5,000 രൂപ ഭക്ഷണം, വസ്ത്രം, യാത്രാ എന്നിവയ്ക്കായി ലാഭിക്കാമെന്ന് കോ-വര്‍ക്കിംഗ് സ്‌പേസ് പ്രൊവൈഡര്‍ അവ്ഫിസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

Author

Related Articles