News

ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി 5 വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ രൂപ മൂല്യത്തിലേക്കെത്തും

കൊച്ചി: രാജ്യത്തെ സമുദ്രോല്‍പന്ന കയറ്റുമതി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ മൂല്യത്തിലേക്കെത്തുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. നിലവില്‍ 50,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി. സമുദ്രോല്‍പന്ന കയറ്റുമതി വികസന ഏജന്‍സിയില്‍ (എംപിഡിഇഎ) കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ ഈ മാസം 17 നു ബ്രസല്‍സില്‍ ആരംഭിക്കും. കയറ്റുമതിക്കാര്‍ക്കും വ്യാപാരികള്‍ക്കും ലോകത്തെങ്ങുമുള്ള വിപണികളുടെ വാതില്‍ ഇതോടെ തുറന്നുകിട്ടുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.

ഇന്ത്യയെ ലോകത്തിലെ ഒരു മത്സ്യ സംസ്‌കരണ ഹബ് ആക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നു മന്ത്രി ഉറപ്പു നല്‍കി. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് ചട്ടങ്ങള്‍ ലഘൂകരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് ജഗദിഷ് ഫൊഫാന്‍ഡി, എംപിഇഡിഎ ചെയര്‍മാന്‍ കെ എന്‍ രാഘവന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. റബര്‍ മേഖലയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ മന്ത്രി രാജ്യം റബര്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്നും ഓര്‍മിപ്പിച്ചു.

Author

Related Articles