News

പ്രതീക്ഷയോടെ 2021: ഇന്ത്യയില്‍ 5ജി എത്തും; ആത്മവിശ്വാസത്തോടെ ടെലികോം മേഖല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്കിനായി അധിക നാള്‍ കാത്തിരിക്കേണ്ടതായി വരില്ലെന്ന് സൂചന നല്‍കി ടെലികോം കമ്പനികള്‍. 2021ഓടെ 5ജി എത്തിയേക്കും. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 2638 കോടി ഡോളര്‍ ആയി ഉയരും എന്നാണ് സൂചന. 2021ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 82.9 കോടി ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ 5ജി സാങ്കേതിക വിദ്യ വേഗത്തിലാക്കാന്‍ തയാറെടുക്കുകയാണ് ടെലികോം കമ്പനികള്‍.

2021 പകുതിയോടെ 5ജി അവതരിപ്പിക്കാന്‍ ആയേക്കും എന്ന് ഈ രംഗത്തെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. പുതിയ ബിസിനസ് മോഡലുകള്‍, അവസരങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കാന്‍ 5ജി സാങ്കേതിക വിദ്യ സഹായകരമായേക്കും. എയര്‍ടെല്‍,ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ പ്രധാന ടെലികോം കമ്പനികള്‍ എല്ലാം 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

വോയിസ് ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 16 ശതമാനമാണ് വര്‍ധന.ഇവരില്‍ നിന്നുള്ള വരുമാനം 35,642 കോടി രൂപയായി കഴിഞ്ഞ ഒരു വര്‍ഷം ഉയര്‍ന്നിട്ടുണ്ട്.വരും വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി ഉയരും എന്നാണ് സൂചന. ജിയോ രാജ്യത്ത് ആദ്യം 5ജി അവതരിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ലോകം 5ജിയിലേക്ക് വഴിമാറി തുടങ്ങുമ്പോഴും ഇന്ത്യയില്‍ 2ജി സേവനങ്ങളില്‍ നിന്ന് 3ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആകാത്ത നിരവധി ഗ്രാമീണ ജനതയുണ്ട് എന്നതും ശ്രദ്ധേയമാണ് . 3ജി ഉപയോഗിക്കുന്നവരും ഒട്ടേറെയാണ്.

Author

Related Articles