News

ഇന്ത്യയുടെയും ചൈനയുടെയും ഗാര്‍ഹിക സമ്പാദ്യത്തില്‍ വര്‍ധന; ആഗോള സമ്പത്ത് 399.2 ലക്ഷം കോടി ഡോളറായി

കോവിഡ് വ്യാപനം ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാണ് നല്‍കിയതെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും ഗാര്‍ഹിക സമ്പാദ്യം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് സ്വിസ് തയാറാക്കിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2020 പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ ഒരു ലക്ഷം കോടി ഡോളര്‍ കൂടി കൂട്ടിച്ചേര്‍ത്ത് ആഗോള സമ്പത്ത് 399.2 ലക്ഷം കോടി ഡോളറായി.

ലോക രാഷ്ട്രങ്ങളില്‍ ചൈനയും ഇന്ത്യയും മാത്രമാണ് കലണ്ടര്‍ വര്‍ഷത്തെ ആദ്യ പകുതിയില്‍ സമ്പത്ത് സൃഷ്ടിച്ചിരിക്കുന്നത്. ചൈന 4.4 ശതമാനവും ഇന്ത്യ 1.6 ശതമാനവും. ലാറ്റിന്‍ അമേരിക്കയാണ് ഏറ്റവും പിന്നില്‍. 13 ശതമാനം ഇടിവാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ആകെ കോടീശ്വരന്മാരുടെ എണ്ണം 51.9 ദശലക്ഷമായി തുടരുന്നു. എന്നാല്‍ 50 മില്യണ്‍ ഡോളറിലേറെ ആസ്തിയുള്ള അതിസമ്പന്നരില്‍ 120 പേരുടെ സമ്പത്തില്‍ കുറവുണ്ടായി. 175570 അതിസമ്പന്നരാണ് ലോകത്താകെയുള്ളത്.

ലോകത്തെ കോടീശ്വരന്മാരില്‍ 39 ശതമാനവും അമേരിക്കയിലാണ്. ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 73 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം സമ്പാദിച്ചത്. ഇതോടെ ആകെ സമ്പത്ത് 188 ബില്യണ്‍ ഡോളറായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 27 ബില്യണ്‍ ഡോളര്‍ നേടി. കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ എറിക് യുവാന്റെ ആസ്തി 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോകത്തെ 500 സമ്പന്നര്‍ ചേര്‍ന്ന് ഈ വര്‍ഷം സമ്പാദിച്ചത് 970 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

News Desk
Author

Related Articles