News

ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28.3 ശതമാനം കൂടി 2710 കോടി ഡോളറിന്റേതായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം ഇടിഞ്ഞ് 487 കോടി ഡോളറായി.  

കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാര ഇടപാട് റെക്കോര്‍ഡ് നിലയായ 12500 കോടി ഡോളറിന് മുകളില്‍ എത്തിയിരുന്നു. ചൈനയുടെ കയറ്റുമതി 46.2 ശതമാനം വര്‍ധിച്ച് 9752 കോടി ഡോളറായിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 2814 കോടി ഡോളറായി. മൊബൈല്‍ ഫോണ്‍, മരുന്നുനിര്‍മാണത്തിനുള്ള ഘടകങ്ങള്‍ എന്നിവ പ്രധാനമായും ഇന്ത്യ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും ഇരുമ്പ് അയിരാണ്.

Author

Related Articles