News

എല്‍ഐസിയില്‍ എഫ്ഡിഐ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മെഗ ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തില്‍ നീക്കിവയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, എത്ര ശതമാനം ഓഹരി എഫ്ഡിഐ വിഭാഗത്തിലേക്ക് നീക്കിവയ്ക്കും എന്നതില്‍ വ്യക്തതയില്ല. ഈ മാസം ആദ്യ നടന്ന ഒരു ഉന്നത യോഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 20 ശതമാനം എഫ്ഡിഐ നിക്ഷേപ പരിധി നിശ്ചയിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിസര്‍വ് ബാങ്കിന്റെ നിര്‍വചന പ്രകാരം, എഫ്ഡിഐ എന്നത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനം 10 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഓഹരി വാങ്ങുന്നതിനെയാണ്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കുന്ന വമ്പന്‍ പെന്‍ഷന്‍ ഫണ്ട് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് സ്ഥാപനം എന്നിവയെ തന്ത്രപരമായ നിക്ഷേപകരായി പരിഗണിച്ച് എഫ്ഡിഐ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചന എന്നാണ് സൂചന.

ഇന്ത്യയിലെ മിക്ക ഇന്‍ഷുറന്‍സ് വിഭാഗത്തിലും 74 ശതമാനം എഫ്ഡിഐ അനുവദനീയമാണ്. എന്നാല്‍ അത് എല്‍ഐസിക്ക് ബാധകമല്ല. എഫ്ഡിഐ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

Author

Related Articles