News

കോവിഡ് രണ്ടാം തരംഗം: ഇടത്തരം വരുമാനമുള്ള രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഐഎംഎഫ്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കോവിഡ് 19 ന്റെ രണ്ടാം 'തരംഗദൈര്‍ഘ്യം' ഇനിയും മോശമായ വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) നിരീക്ഷിക്കുന്നു. പകര്‍ച്ചവ്യാധി ഇതുവരെ വലിയ പരുക്കേല്‍പ്പിച്ചിട്ടില്ലാത്ത, കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാഷ്ട്രങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഇന്ത്യയിലെ സ്ഥിതിയെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുന്നു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) സാമ്പത്തിക ശാസ്ത്രജ്ഞന്‍ രുചിര്‍ അഗര്‍വാളും ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥും ചേര്‍ന്ന് രചിച്ച റിപ്പോര്‍ട്ടില്‍, ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 35 ശതമാനത്തിലേക്ക് മാത്രം വാക്‌സിന്‍ എത്തിക്കാനേ ഇന്ത്യയ്ക്ക് സാധിക്കൂവെന്ന് വിലയിരുത്തുന്നു.   

ബ്രസീലിലെ ഭീകരമായ കോവിഡ് തരംഗവും ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വിനാശകരമായ രണ്ടാം തരംഗവും വികസ്വര രാജ്യങ്ങളില്‍ ഇനിയും സംഭവിക്കാനിടയുള്ള കെടുതികളുടെ സൂചനയാണ്. ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ സമ്പ്രദായം വളരെ മികച്ചതായിരുന്നെങ്കിലും, ഇത്തവണ അതിന്റെ ആരോഗ്യസംവിധാനം വളരെയധികം തകര്‍ന്നിരിക്കുന്നു. ഓക്‌സിജന്‍, ആശുപത്രി കിടക്കകള്‍, വൈദ്യസഹായം തുടങ്ങിയ വൈദ്യസഹായങ്ങളുടെ അഭാവം മൂലം നിരവധി ആളുകള്‍ മരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജനസംഖ്യയുടെ 60 ശതമാനത്തിലേക്ക് വാക്‌സിനേഷന്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ഉടന്‍ തന്നെ ഒരു ബില്യണ്‍ ഡോസ് വാക്‌സിന്‍ ഓര്‍ഡറുകള്‍ നല്‍കേണ്ടതുണ്ട്. ഈ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതും കരാറുകളിലൂടെ സാധ്യമാഖണം. ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 600 ദശലക്ഷം യുഎസ് ഡോളര്‍ ധനസഹായം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles