News

എകെ 47 തോക്കില്‍ നിന്നു വരെ വെടിവെച്ചാലും പോറല്‍ പോലും ഏല്‍ക്കില്ല; 360 ഡിഗ്രി പരിരക്ഷ നല്‍കുന്ന ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കയറ്റുമതി ചെയ്യുന്നത് നൂറിലധികം രാജ്യങ്ങളിലേക്ക്

ഡല്‍ഹി: രാജ്യത്തെ പ്രതിരോധ രംഗത്ത് വന്‍ നിക്ഷേപം നടത്തി പുത്തന്‍ ചുവടുവെപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന വേളയിലാണ് യൂറോപ്പ് അടക്കം നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയയ്ക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനെ പറ്റിയും ചര്‍ച്ചകള്‍ സജീവമാകുന്നത്. കയറ്റുമതി വര്‍ധിച്ചതോടെ ജാക്കറ്റിന്റെ പ്രത്യേകതകളെ പറ്റിയാണ് ചര്‍ച്ച ഏറെയും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മികച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് ഇന്ത്യ നിര്‍മ്മിക്കുന്നതെന്നും അതിനാലാണ് കയറ്റുമതി സാധ്യമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

360 ഡിഗ്രി പരിരക്ഷ നല്‍കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് ബജാജ് വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇത്തരം ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന മറ്റ് രാജ്യങ്ങള്‍.  വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ദേശീയ സ്ഥാപനമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ്.

നേരത്തെ, മാനദണ്ഡങ്ങളുടെ അഭാവത്തില്‍ ഗുണനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബിഐഎസിലെ ശാസ്ത്രജ്ഞനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി ദേശീയ മാനദണ്ഡങ്ങള്‍ നിര്‍മ്മിക്കുന്ന സമിതിയുടെ അംഗ സെക്രട്ടറിയുമായ ജെ. കെ ഗുപ്ത പറഞ്ഞു. സായുധ സേന ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിതി ആയോഗില്‍ നിന്നുമുള്ള നിര്‍ദേശ പ്രകാരമാണ് 2018 ഡിസംബറില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി ദേശീയ നിലവാരം ബി.ഐ.എസ് തയ്യാറാക്കിയത്.

ഏറ്റവും അത്യാവശ്യമായിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് വേണ്ടി സൈന്യം കാത്തിരുന്നത് നിരവധി വര്‍ഷങ്ങളാണ്. 2018 ലാണ് മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി സൈനികര്‍ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധ വകുപ്പ് ഒപ്പുവച്ചത്. ഈ ജാക്കറ്റുകള്‍ ഇതിനോടകം തന്നെ സൈന്യത്തിന് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇനി ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് കരാര്‍ ഒപ്പിടുന്നതും ബി.ഐ.എസ് സ്റ്റാന്‍ഡേഡ് അനുസരിച്ചായിരിക്കും

സെക്കന്‍ഡില്‍ 700 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റുകള്‍ തടയാന്‍ തക്ക ശേഷിയിലാണ് ഇന്ത്യന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 360 ഡിഗ്രീ സുരക്ഷയാണ് നല്‍കുന്നത്. ഹാര്‍ഡ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന എകെ 47 ബുള്ളറ്റുകളില്‍ നിന്നു പോലും സംരക്ഷണമൊരുക്കാന്‍ പാകത്തിലാണ് നിര്‍മ്മാണം. ഭാരം കൃത്യമായി വികേന്ദ്രീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചു മാറ്റാനും കഴിയുന്ന വിധത്തിലാണ് ജാക്കറ്റിന്റെ രൂപ കല്‍പ്പന.

Author

Related Articles