News

ഇന്ത്യയുടെ പ്രതിരോധ മേഖല അഭിമാനകരമായ നേട്ടത്തില്‍; ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റുമതി ചെയ്യുന്നു; 18 രാജ്യങ്ങള്‍ക്കാണ് ജാക്കറ്റുകള്‍ വിതരണം ചെയുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖല അഭിമാനകരമായ നേട്ടത്തില്‍. ലോകത്തിലെ പതിനെട്ട് രാജ്യങ്ങള്‍ക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ ഉത്പാദന തോതും ഈ ജാക്കറ്റുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് 18 രാജ്യങ്ങളിലേക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റുമതി ചെയ്യുന്നു എന്ന് രാജ്നാഥ് സിംഗ് പറഞ്ഞത്.

അതേസമയം തന്ത്രപരമായ ആവശ്യകത കണക്കിലെടുത്ത് രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 15 കമ്പനികള്‍ക്ക് വ്യാവസായിക ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര-കയറ്റുമതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ഉല്‍പാദന ശേഷിയുണ്ടെന്നും സിംഗ് അറിയിച്ചു.

നിശ്ചിത അളവുകളനുസരിച്ചാണ് ജാക്കറ്റുകള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. കാലാകാലങ്ങളില്‍ സംഭരിക്കുകയും പ്രത്യേകതകളും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സൈനികര്‍ക്ക് ഇത് ലഭ്യമാക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ മുന്‍ യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി ആരോപിക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ സിര്‍സയില്‍ ഒരു പ്രഗതി റാലിയില്‍ ആളുകളെ അഭിസംബോധന ചെയ്ത അദ്ദേഹം, സമീപകാലത്ത് നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ സംഭരണത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പ്രശംസിക്കുകയും കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് കീഴില്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇല്ലെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

Author

Related Articles