News

ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങി ഇന്ത്യ ഇന്‍ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഓക്‌സിജന്‍ കിട്ടാതെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം വേഗത്തില്‍ പരിഹരിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കാനുമായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി സംവിധാനങ്ങളുമായി കൈകോര്‍ക്കുകയാണ് ഇന്ത്യ ഇന്‍ക്.   

ഓക്‌സിജന്‍ സപ്ലൈ ചെയിന്‍ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഓക്‌സിജന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഓക്‌സിജന്‍ ഉല്‍പ്പാദന ശേഷി കൂട്ടിക, ഇറക്കുമതിയില്‍ സഹായിക്കുക, ഓക്‌സിജന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുക, നയപരമായ ഇടപെടല്‍ നടത്തുക എന്നതെല്ലാമാണ് ഈ ടാസ്‌ക് ഫോഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്.

ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി, ഐടിസി, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നിരവധി കമ്പനികള്‍ കോവിഡ് രോഗികളുടെ ചികില്‍സയ്ക്ക് സഹായമെത്തിക്കുന്നതിനായി രംഗത്തെത്തിക്കഴിഞ്ഞു. ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കിയും ക്രയോജനിക്ക് വെസലുകള്‍ നല്‍കിയും പോര്‍ട്ടബിള്‍ കോണ്‍സന്‍ട്രേറ്ററുകളും ജനറേറ്ററുകളും നല്‍കിയുമെല്ലാമാണ് ഇവര്‍ ആശുപത്രികളോടൊപ്പം നിന്ന് കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകുന്നത്.

Author

Related Articles