News

റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും; കുറഞ്ഞ വിലയില്‍ അസംസ്‌കൃത എണ്ണ ലഭ്യമാക്കും

ന്യൂഡല്‍ഹി: അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം ശക്തമായി തുടരുന്നതിനിടെ ഇന്ത്യയ്ക്കു കുറഞ്ഞ വിലയില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി റി്പ്പോര്‍ട്ട്. ഇക്കാര്യം ഇന്ത്യ സജീവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

രൂപ-റൂബിള്‍ ഇടപാടിലൂടെ കുറഞ്ഞ നിരക്കില്‍ ക്രൂഡ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. അസംസ്‌കൃത എണ്ണയും മറ്റ് ഉത്പന്നങ്ങളും വന്‍ വിലക്കിഴിവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സജീവമായി പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപരോധം ഭയന്ന് റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കമതിക്ക് നിലവില്‍ പല രാജ്യങ്ങളും തയ്യാറാകുന്നില്ല.

അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ ഇടപാടുകളുമായി നേരത്തെതന്നെ ഇന്ത്യക്ക് റഷ്യയുമായി ബന്ധമുണ്ട്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ മൂന്നുശതമാനംവരെയാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. ഇത് ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Author

Related Articles