News

മിനി ടെലികോം ടവറുകളുടെ ഭാഗമാകാന്‍ കെഎസ്ഇബിയും; സന്നദ്ധത അറിയിച്ചതായി ട്രായ്

ന്യൂഡല്‍ഹി: 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകള്‍, മെട്രോ പില്ലറുകള്‍, ട്രാഫിക് ലൈറ്റുകള്‍, വഴിവിളക്കുകള്‍ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്‌മോള്‍ സെല്‍) പ്രക്രിയയുടെ ഭാഗമാകാന്‍ താല്‍പര്യമറിയിച്ച് കെഎസ്ഇബി. കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകള്‍ സ്‌മോള്‍ സെല്ലുകളാക്കി മാറ്റാന്‍ കെഎസ്ഇബി സന്നദ്ധത അറിയിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനും കെഎസ്ഇബി, മൊബൈല്‍ കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) തുടങ്ങിയവയുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതി ഇലക്ട്രിക് പോസ്റ്റുകളെ കുഞ്ഞന്‍ ടെലികോം ടവറുകളായി മാറ്റുന്നത് സംബന്ധിച്ച പദ്ധതിരേഖ തയാറാക്കിയതായി സിഒഎഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

നിലവിലെ മൊബൈല്‍ ടവറുകള്‍ ഒരു വലിയ മേഖലയില്‍ കവറേജ് നല്‍കുന്നവയാണെങ്കില്‍ 5ജി ടവറുകള്‍ ഒരു ചെറിയ പ്രദേശം മാത്രം കവര്‍ (സ്‌മോള്‍ സെല്‍) ചെയ്യുന്നതായിരിക്കും. 4ജി അപേക്ഷിച്ച് കുറഞ്ഞ തരംഗദൈര്‍ഘ്യവും ഉയര്‍ന്ന ഫ്രീക്വന്‍സിയുമുള്ള തരംഗങ്ങളാണു 5ജിയില്‍ ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ വലിയ ടവറുകള്‍ക്കു പകരം ഒരു നിശ്ചിത പ്രദേശത്ത് ഒട്ടേറെ കുഞ്ഞന്‍ ടവറുകള്‍ വേണ്ടിവരും. നഗരങ്ങളിലും മറ്റും പുതിയ കുഞ്ഞന്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനു പകരം നിലവിലുള്ള ഇല്ക്ട്രിക് പോസ്റ്റുകളിലും ട്രാഫിക് സിഗ്‌നല്‍ പോസ്റ്റുകളിലും പ്രസാരണത്തിനുള്ള ഉപകരണം ഘടിപ്പിച്ചാല്‍ അവ ടവറായി പ്രവര്‍ത്തിക്കും.

വലിയ ടവറുകളെ അപേക്ഷിച്ച് നിര്‍മാണപരിപാലന ചെലവും കുറവാണ്. ഏകദേശം 250 മീറ്റര്‍ പരിധിയുള്ള മിനി ടവറുകളാണ് 'സ്‌മോള്‍ സെല്ലുകള്‍'. പ്രവര്‍ത്തിക്കാന്‍ കുറച്ച് വൈദ്യുതി മാത്രം മതിയാകും. നഗരത്തില്‍ അടുപ്പിച്ചുള്ള പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന സ്‌മോള്‍ സെല്ലുകള്‍ വഴി വളരെ ശക്തമായ ശൃംഖല രൂപീകരിക്കാം. ഇവ ഒരു വല പോലെ പ്രവര്‍ത്തിക്കും. ദൂരപരിധി കുറവായതിനാലും അടുത്തടുത്ത് ടവറുകളുള്ളതിനാലും എല്ലായിടത്തും സിഗ്‌നല്‍ ശക്തി ഏകദേശം ഒരുപോലെയായിരിക്കും. ഇവ വലിയ ടവറുകളുമായി (മാക്രോ ബേസ് സ്റ്റേഷന്‍) ബന്ധിപ്പിച്ചിരിക്കും.

Author

Related Articles