News

കോവിഡില്‍ നിന്ന് കരകയറാന്‍ ഇന്ത്യ കൂടുതല്‍ വേഗത്തില്‍ വളരണം: ഐഎംഎഫ്

ന്യൂഡല്‍ഹി: ഈ വര്‍ഷം 12.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ, കോവിഡ് -19 മഹാമാരിയുടെ ഫലമായി രേഖപ്പെടുത്തിയ എട്ട് ശതമാനത്തിന്റെ അഭൂതപൂര്‍വമായ സങ്കോചത്തിന് പരിഹാരം കാണാന്‍ കൂടിയ വേഗത്തില്‍ വളരേണ്ടതുണ്ടെന്ന് മുതിര്‍ന്ന ഐഎംഎഫ് ഉദ്യോഗസ്ഥന്‍. രാജ്യാന്തര സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കോവിഡ് 19ന്റെ ആഘാതം പരിഹരിക്കുന്നതിനായി അധിക സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്നും അന്താരാഷ്ട്ര നാണയ നിധി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് പെറ്റിയ കൊയ്വ ബ്രൂക്‌സ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.   

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടായി. വീണ്ടെടുപ്പിന്റെ ശക്തമായ സൂചകങ്ങള്‍ കാണാനാകുന്നത് സന്തോഷകരമാണ്. പിഎംഐ ഉള്‍പ്പടെയുള്ള പ്രമുഖ സൂചകങ്ങളെല്ലാം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും വീണ്ടെടുപ്പ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍പ്പാദനത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനം കോവിഡിന് മുന്‍പുള്ള 2019 തലത്തിലേക്ക് ഈ സാമ്പത്തിക വര്‍ഷം തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ കൊറോണ പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ സാധ്യമായിരുന്ന ഉല്‍പ്പാദനത്തിലേക്ക് 2024ഓടെയെങ്കിലും എത്തിച്ചേരാന്‍ സാധിക്കണമെങ്കില്‍ കൂടുതല്‍ വേഗത്തിലുള്ള വളര്‍ച്ച ആവശ്യമായി വരുമെന്ന് ബ്രൂക്ക്‌സ് ചൂണ്ടിക്കാട്ടി.   

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളെ പരിഗണിച്ചുള്ള സംയോജിതമായ നയങ്ങള്‍ കൈക്കൊള്ളണമെന്നും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും എംഎസ്എംഇ സംരംഭങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles