News

ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ കമ്പനികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്യുക ലക്ഷ്യം

ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര തര്‍ക്കത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാനുള്ള പദ്ധതി തയ്യാറാക്കി ഇന്ത്യ. ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനും, കൂടുതല്‍ വിദേശ കമ്പനികള്‍ക്ക് അവസരങ്ങളൊരുക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വ്യാപാര യുദ്ധം മൂലം ചൈനയില്‍ നിന്ന് കുടിയേറുന്ന ആഗോള കമ്പനികളെ നിക്ഷേപകരാക്കാനും, ഉത്പ്പാദകരാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെസ്‌ല അടക്കം 324 ആഗോള കമ്പനികള്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.  കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കി ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്ത്യ പദ്ധതി പൂര്‍ത്തീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പാണ് (ഡിപിഐഐടി) ഇതുമായി ബന്ധപ്പെട്ട് കരട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൂര്‍ണമായ വിശദീകരണം നല്‍കിയിട്ടില്ല. വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാമെന്നാണ് റിപ്പോര്‍ട്ട്. 

ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയും, ആഗോള തലത്തിലെ മുന്‍നിര കമ്പനികളായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ പിഎല്‍സി തുടങ്ങിയ കമ്പനികളടക്കം 324 കമ്പനികളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിര്‍മ്മാണ ശാലകള്‍ ആരംഭിക്കുന്നതിനുള്ള സ്ഥല സൗകര്യങ്ങള്‍, കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജലം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തും. യുഎസില്‍ നിന്നുള്ള മുരുന്ന് കമ്പനികളടക്കം ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താത്പര്യപ്പെട്ടേക്കും.  

അതേസമയം യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിന്റെ നേട്ടം കൊയ്യാന്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം. മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിന്റെ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. അതേസമയം ഇന്ത്യയെ ചൈനയ്ക്ക് ബദലായുള്ള നിക്ഷേപ കേന്ദ്രമായി പരിഗണിക്കുക അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. ചൈനയുടേത് ഇന്ത്യയേക്കാള്‍ അതിശക്തമായ ഉത്പ്പാദന നിക്ഷേപ സംവിധാനമുള്ള രാജ്യമാണ്. ഇതിനെ മറികടക്കാന്‍ ഇന്ത്യയുടെ വിദേശ നിക്ഷേപ നയങ്ങളിലും,  ഉത്പ്പാദന നിയമങ്ങളിലുമെല്ലാം കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.

Author

Related Articles