News

ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യ

ന്യൂഡല്‍ഹി:  ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ലോകത്തില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യ. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാള്‍ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്ചെയിന്‍ ഡാറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്രറ്റോ അഡോപ്ഷന്‍ ഇന്‍ഡക്സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്നാമാണ് ഒന്നാമത്.

2020 ജൂണിനും 2021 ജൂലായ്ക്കുമിടയില്‍ ലോകമെമ്പാടുമുള്ള ക്രിപ്റ്റോ അഡോപ്ഷനില്‍ 880ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ പ്ലാറ്റ്ഫോമായ ഫൈന്‍ഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രിപ്റ്റോ കറന്‍സി ഇടപാടിന്റെകാര്യത്തില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളില്‍ എല്ലാം ഏഷ്യയില്‍നിന്നുള്ളതാണ്.

ലോകമമ്പാടുമുള്ള 47,000 പേരില്‍ സര്‍വെ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറായക്കിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്തവരില്‍ 30ശതമാനംപേരും ക്രിപ്റ്റോയില്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്കോയിനാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറന്‍സി. റിപ്പിള്‍, എതേറിയം, ബിറ്റ്കോയിന്‍ ക്യാഷ് എന്നിവയിലും ഇന്ത്യക്കാര്‍ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്.

പ്രവാസികളുടെ എണ്ണത്തിലെ വര്‍ധനവാണ് രാജ്യത്തെ ക്രിപ്റ്റോകറന്‍സികളിലെ നിക്ഷേപകരുടെ വര്‍ധനവിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 2021 ജനുവരിയിലെ യുഎന്റെ കണക്കുപ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തില്‍  ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. രാജ്യത്തെ ചെറുപട്ടണങ്ങളില്‍നിന്നുള്ളവരാണ് ക്രിപ്റ്റോയിലെ നിക്ഷേപകരിലേറെയുമെന്നാണ് ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിര്‍എക്സ് പറയുന്നത്.

News Desk
Author

Related Articles