News

ഫ്യൂചര്‍ ഗ്രൂപ്പ്-ആമസോണ്‍ കേസ്: ഇടപാട് കാലാവധി നീട്ടി റിലയന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യാപാര രംഗത്തെ ഇപ്പോഴത്തെ പ്രധാന തര്‍ക്കമായ ഫ്യൂചര്‍ ഗ്രൂപ്പ്-ആമസോണ്‍ കേസിന്റെ പശ്ചാത്തലത്തില്‍, ഫ്യൂചര്‍ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള ഇടപാടിന്റെ കാലാവധി റിലയന്‍സ് നീട്ടി. ആറ് മാസത്തേക്കാണ് നീട്ടിയത്. അതേസമയം ഫ്യൂചര്‍ റീടെയ്ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട സഹായം നല്‍കാന്‍ ശ്രമിക്കുമെന്നും തീരുമാനമുണ്ട്. ഇക്കാര്യം നേരിട്ട് അറിയാവുന്ന രണ്ട് പേരാണ് പേര് വെളിപ്പെടുത്താതെ മിന്റ് ദിനപത്രത്തിനോട് പ്രതികരിച്ചത്.

24713 കോടി രൂപയുടേതാണ് ഫ്യൂചര്‍ - റിലയന്‍സ് ഇടപാട്. ആമസോണ്‍ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ മെയ് മാസത്തിനകം ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിലാണ് കോടതി വിധി വരുന്നതിന് മുന്‍പ് തന്നെ ഇടപാട് കാലാവധി നീട്ടിയത്. ഈ കേസില്‍ വാദം കേള്‍ക്കുന്ന ദേശീയ കമ്പനി ട്രൈബ്യൂണല്‍ കേസ് മാര്‍ച്ച് 15 ലേക്ക് നീട്ടി വെച്ചിരിക്കുകയാണ്.

ഫ്യൂചര്‍ റീടെയ്‌ലിന്റെ ചില സ്റ്റോറുകളുടെ ലീസ് എഗ്രിമെന്റ് റിലയന്‍സിന് കൈമാറി. ഇപ്പോള്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രയാസത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താനാണിത്. ചില മെട്രോ സിറ്റികളിലെയും ടയര്‍ 2 നഗരങ്ങളിലെയും ഫ്യൂചര്‍ ഗ്രൂപ് റീടെയ്ല്‍, ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ എന്നിവയാണ് റിലയന്‍സിന് കൈമാറിയിരിക്കുന്നത്.

Author

Related Articles