News

റഷ്യയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ; ഭക്ഷ്യോത്പന്നങ്ങള്‍ കപ്പലേറി

റഷ്യയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. തേയില, അരി, പഴങ്ങള്‍, കാപ്പി, സമുദ്രോത്പന്നങ്ങള്‍, പലഹാരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളുടെ ഷിപ്പിംഗ് കഴിഞ്ഞ ആഴ്ച മുതല്‍ പുനരാരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. റഷ്യയിലെ ഏറ്റവും വലിയ വായ്പദാതാവായ സ്‌ബെര്‍ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ ജോര്‍ജിയയിലെ തുറമുഖങ്ങളിലൂടെയുള്ള ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് സഹായിക്കുന്നു. ഇടപാടുകള്‍ നടക്കുന്നത് സ്ബെര്‍ബാങ്ക് വഴിയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറലും സിഇഒയുമായ അജയ് സഹായ് പറഞ്ഞു.

ഫെബ്രുവരി 24-ന് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടയില്‍ കയറ്റുമതി ഏറെക്കുറെ സ്തംഭിച്ചു. സാധ്യമായ പരിധി വരെ രൂപ-റൂബിള്‍ വഴി വ്യാപാരം തീര്‍പ്പാക്കുന്നുണ്ട്. അതേസമയം ചില ബാങ്കുകള്‍ യൂറോയില്‍ പണമയയ്ക്കുന്നുണ്ടെന്നും സൂചനയുണ്ട്. അതേസമയം വ്യാപാരവും പണമിടപാടുകളും സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.

''ഞങ്ങള്‍ 60 കണ്ടയിനര്‍ ബസുമതി ഇതര അരി റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഓരോന്നിനും 22,000 കിലോഗ്രാം ഭാരമുണ്ട്,'' റഷ്യയിലേക്കുള്ള അരി കയറ്റുമതിയില്‍ മുന്‍നിരയിലുള്ള ഷാ നന്‍ജി നാഗ്ജി എക്സ്പോര്‍ട്ട്സിന്റെ ഡയറക്ടര്‍ അശ്വിന്‍ ഷാ പറഞ്ഞു. 'നമ്മുടെ അരിയുടെ പേയ്മെന്റ് കൈകാര്യം ചെയ്യുന്നത് റഷ്യ ആസ്ഥാനമായുള്ള ആല്‍ഫ ബാങ്കാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഞങ്ങളുടെ ഇന്ത്യന്‍ ബാങ്കാണ്.' എന്നാല്‍ സ്ബെര്‍ബാങ്കും ആല്‍ഫ ബാങ്കും ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

രാജ്യത്തിന്മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിതരണ നിരോധനവും ഉപരോധവും കാരണം റഷ്യന്‍ സ്റ്റോറുകള്‍ കാലിയാകുമ്പോള്‍ ഭക്ഷണത്തിനാണ് അടിയന്തര ആവശ്യം. 'റഷ്യയിലേക്കുള്ള തേയില കയറ്റുമതി ആരംഭിച്ചു, ഞങ്ങള്‍ അഞ്ച് കണ്ടെയ്‌നറുകള്‍ റഷ്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്,' പ്രമുഖ കയറ്റുമതിക്കാരായ ഏഷ്യന്‍ ടീയുടെ ഡയറക്ടര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. പ്രതിവര്‍ഷം 43-45 ദശലക്ഷം കിലോഗ്രാം ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ തേയിലയുടെ പ്രധാന വിപണി റഷ്യയാണ്. റഷ്യയിലേക്കുള്ള കയറ്റുമതിക്കായി കൂടുതല്‍ ഇനങ്ങള്‍ ഉടന്‍ ചേര്‍ക്കുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

Author

Related Articles