News

ആര്‍സിഇപി ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും; 15 വിപണികള്‍ നഷ്ടമാകാനുള്ള സാധ്യത

ന്യൂഡല്‍ഹി: അടുത്തിടെ ചൈനീസ് പിന്തുണയോടെ 15 രാജ്യങ്ങള്‍ രൂപീകരിച്ച വ്യാപാര കൂട്ടായ്മയായ ആര്‍സിഇപി ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഈ കൂട്ടായ്മ അടുത്തിടെയാണ് കരാര്‍ ഒപ്പുവച്ചത്. അംഗ രാജ്യങ്ങള്‍ക്ക് നികുതിയില്‍ കുറവ് വരുത്തുമെന്ന് കരാറില്‍ പറയുന്നു. ഇന്ത്യ ഇതില്‍ അംഗമല്ല. അതേസമയം, താരിഫ് കുറച്ച് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പന്നം വാങ്ങാന്‍ ആളില്ലാതെ വരും. ഇന്ത്യയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും. 15 വിപണികള്‍ ഇന്ത്യയ്ക്ക് നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.

കൂട്ടായ്മയിലെ പ്രധാന രാജ്യം ചൈനയാണ്. കൂടാതെ ജപ്പാനും ദക്ഷിണ കൊറിയയും മറ്റു പ്രമുഖ രാജ്യങ്ങളാണ്. 15 വിപണികളില്‍ ചൈനയ്ക്ക് കൂടുതലായി ഇടപെടാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ കരാര്‍. മറ്റു രാജ്യങ്ങള്‍ക്ക് ചൈനീസ് വിപണിയിലും ഇടപെടാന്‍ സാധിക്കും. പക്ഷേ, ചൈനീസ് ഉല്‍പ്പാദന മേഖലയുടെ ശക്തി കണക്കാക്കുമ്പോള്‍ ചൈനയ്ക്കാണ് കരാര്‍ നേട്ടമാകുക.

അതേസമയം, മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടപെടാന്‍ സൗകര്യമൊരുങ്ങും എന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കരാറിന്റെ ഭാഗമാകാതിരുന്നത്. ഇന്ത്യന്‍ വിപണി മറ്റു രാജ്യങ്ങള്‍ കൈയ്യടക്കുമോ എന്ന ആശങ്കയാണ് കാരണം. കാര്‍ഷിക മേഖല തകരുമെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പിന്‍മാറ്റം ഇന്ത്യയ്ക്ക് മറ്റൊരു തരത്തില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

എഞ്ചിനിയറിങ് ചരക്കുകള്‍, കെമിക്കല്‍സ്, മരുന്ന്, ഇലക്ട്രോണിക്സ് എന്നിവയാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ പ്രധാനം. ഇവയെല്ലാം താരിഫ് കുറച്ച് ആര്‍സിഇപിയിലെ അംഗരാജ്യങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ കയറ്റുമതിയിലെ പ്രധാനമായ എഞ്ചിനിയറിങ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമിത്.

ആര്‍സിഇപി കരാര്‍ പ്രകാരം വ്യാപാര ചെലവ് കുത്തനെ കുറയുമെന്നതാണ് നേട്ടമെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ഗവേഷകന്‍ അമിതേന്ദു പാലിത് പറയുന്നു. ആസിയാന്‍ രാജ്യങ്ങള്‍, ചൈന, ആസ്ത്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ,ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് ആര്‍സിഇപി കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയ്ക്ക് ഏത് സമയവും കരാറിന്റെ ഭാഗമാകാന്‍ സാധിക്കും. നേരത്തെ ഇന്ത്യ ഇതിന്റെ ഭാഗമാകാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്‍മാറിയത്.

Author

Related Articles