News

ഇന്ത്യ അഭിമുഖീകരിക്കുന്നത് ഏറ്റവും കടുത്ത മാന്ദ്യമാണെന്ന് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ അഭിമുഖീകരിക്കുന്നത് ഏറ്റവും കടുത്ത മാന്ദ്യമാണെന്ന് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന നാലാമത്തെ ഗുരുതര സാമ്പത്തിക മുരടിപ്പാണ് കോവിഡ്-19 പ്രതിസന്ധി മൂലമുണ്ടായിട്ടുള്ളതെന്നും രാജ്യത്തിന്റെ ജി.ഡി.പി. അവലോകന റിപ്പോര്‍ട്ടില്‍ ക്രിസില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം ചുരുങ്ങുമെന്നാണ് ക്രിസിലിന്റെ നിഗമനം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 25 ശതമാനം സങ്കോചം നേരിടേണ്ടി വരും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്ത് ശതമാനത്തോളം കോവിഡ് കാരണം നഷ്ടമാകും. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷവും കോവിഡിനു മുന്‍പുണ്ടായിരുന്ന വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യ എത്താന്‍ സാധ്യതയില്ല.

ആദ്യ പാദത്തില്‍ മാത്രമല്ല വരും പാദങ്ങളിലും നിലവിലെ പ്രതിസന്ധി തുടരും. കാര്‍ഷികേതരം, സേവനം, വിദ്യാഭ്യാസം, യാത്ര, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം കോവിഡ് ആഘാതമുണ്ടാകും. തൊഴിലവസരങ്ങളിലും വരുമാനത്തിലും ഇടിവുണ്ടാകുമെന്നും ക്രിസില്‍ പറയുന്നു.

കഴിഞ്ഞ 69 വര്‍ഷത്തിനിടെ മൂന്നു തവണയാണ് (1958, 1966, 1980) ഇന്ത്യ മാന്ദ്യം നേരിട്ടത്.മൂന്നു തവണയും വരള്‍ച്ച മൂലം കൃഷി നശിച്ചതായിരുന്നു കാരണം. അക്കാലത്തു കൃഷി ജിഡിപിയില്‍ വലിയ പങ്ക് സംഭാവന ചെയ്തിരുന്നു. ഇപ്പോള്‍ കൃഷിയുടെ സംഭാവന 15 ശതമാനത്തില്‍ താഴെയാണ്.

അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി ഫിച്ച് കണക്കാക്കുന്നതും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനം ചുരുങ്ങുമെന്നാണ്. ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മേഖലയിലെ സ്തംഭനം മൂലമാണിത്. പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ലോക്ഡൗണ്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാക്കിയതെന്ന് ഫിച്ച് പറയുന്നു.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ 0.8 ശതമാനം ചുരുങ്ങുമെന്നാണ് ഏപ്രിലില്‍ ഫിച്ച് പറഞ്ഞിരുന്നത്. അതാണിപ്പോള്‍ അഞ്ചു ശതമാനമായി തിരുത്തിയിരിക്കുന്നത്. 2019-20ലെ സാമ്പത്തിക വളര്‍ച്ച 3.9 ശതമാനം മാത്രമാണെന്നും ഫിച്ച് കണക്കാക്കുന്നു. അതേസമയം, 2021-22ല്‍ വളര്‍ച്ചയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മേയ് മാസത്തിലെ അവരുടെ ആഗോള സാമ്പത്തിക ഔട്ട്ലുക്കില്‍ പറയുന്നു. അടുത്ത വര്‍ഷം 9.5 ശതമാനം വളര്‍ച്ചയാണ് ഫിച്ച്  പ്രവചിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം റഷ്യയിലും  വളര്‍ച്ച അഞ്ചു ശതമാനം ചുരുങ്ങുമെന്നാണ് ഫിച്ച് പറയുന്നത്. ബ്രസീലിലും മെക്സിക്കോയിലും ആറു മുതല്‍ ഏഴു വരെ ശതമാനം ചുരുങ്ങും. ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവ് 2.7 ശതമാനമാകും. ജൂലൈ- സെപ്റ്റംബറില്‍ അത് നെഗറ്റീവ് 12.4 ശതമാനം എന്നാണു ഫിച്ച് കരുതുന്നത്. ജൂലൈ- സെപ്റ്റംബറില്‍ 1.2 ശതമാനം ചുരുങ്ങും എന്നായിരുന്നു ആദ്യ നിഗമനം.

ഇതിനിടെ, ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെന്നും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്  40 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവലോകന കുറിപ്പില്‍ പറയുന്നു. സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ സഹായിക്കുന്നതിന് വര്‍ഷാവസാനം മറ്റൊരു ഉത്തേജക പാക്കേജ് പ്രതീക്ഷിക്കുന്നതായും രേഖയിലുണ്ട്.

രണ്ടാം പാദത്തില്‍ 'സ്മാര്‍ട്ട് റിക്കവറി'ക്ക് എസ്ബിഐ സാധ്യത കാണുന്നു. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലും മെച്ചപ്പെട്ട വളര്‍ച്ചാ സംഖ്യയുണ്ടാകും. എങ്കിലും ഈ വര്‍ഷം സമ്പദ്വ്യവസ്ഥ 6.8 ശതമാനം ചുരുങ്ങുമെന്നുംഎസ്ബിഐ റിസര്‍ച്ച് കണക്കാക്കുന്നു. ആദ്യ പാദത്തില്‍ ജിഡിപി നഷ്ടം 40 ശതമാനത്തില്‍ അധികമായേക്കും.എങ്കിലും ഡിമാന്‍ഡ് വീണ്ടെടുക്കുകയാണെങ്കില്‍ രണ്ടാം പാദ വളര്‍ച്ച 7.1 ശതമാനം വരെ എത്തുമെന്നു കണക്കാക്കുന്നതായും എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

Author

Related Articles