News

2022ല്‍ ഇന്ത്യന്‍ ടെക് കമ്പനികള്‍ 120 ശതമാനം വരെ ശമ്പള വര്‍ധനവ് നല്‍കും

മികച്ച സാങ്കേതിക വൈദഗ്ധ്യമുള്ള പ്രതിഭകളെ നിലനിര്‍ത്തുന്നതിനായി ഇന്ത്യന്‍ ടെക് കമ്പനികള്‍ 2022ല്‍ 60 മുതല്‍ 120 ശതമാനം പരിധിയില്‍ ശമ്പള വര്‍ധനവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍സ്റ്റാക്ക് എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എഞ്ചിനീയര്‍മാര്‍, ബാക്കെന്‍ഡ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സാങ്കേതിക മേഖലയിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ഡിമാന്‍ഡ് ഉയരുമെന്നും റിക്രൂട്ട്മെന്റ് സ്ഥാപനമായ Xpheno റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മികച്ച വൈദഗ്ധ്യമുള്ളവര്‍ക്ക് സംരംഭങ്ങളിലുടനീളം ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. മൂല്യനിര്‍ണ്ണയത്തിലും പ്രതിഫലത്തിലുമുള്ള മാറ്റങ്ങളില്‍ കുത്തനെ വര്‍ധനവ് തുടര്‍ന്നും കാണുമെന്ന് എക്‌സ്ഫീനോയുടെ സഹസ്ഥാപകന്‍ കമല്‍ കാരന്ത് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. കമ്പനികള്‍ ഒരു ഓര്‍ഗാനിക് വര്‍ക്ക് പൂള്‍ സൃഷ്ടിക്കുന്നതുവരെ ഈ ആവശ്യം 2022-ലും തുടരാന്‍ സാധ്യതയുണ്ട്. അത് കുറഞ്ഞത് 6-8 പാദങ്ങളെങ്കിലും വരെ തുടരും.

വൈദഗ്ധ്യവും പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്കുമാത്രമല്ല ഫ്രഷേഴ്സിനും ഈ മേഖലകളില്‍ അവസരമുണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍(ജിസിസി) ആകും പുതിയ പ്രതിഭകളെ തേടുക. സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ ധനസഹായം ലഭിക്കും. ഐടി സേവന കമ്പനികള്‍ കൂടുതല്‍ ഡീലുകള്‍ നേടുന്നതിനാല്‍ ഡിജിറ്റല്‍ പ്രതിഭകളുടെ ആവശ്യം ഉറപ്പായും നിലനില്‍ക്കുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Author

Related Articles