News

2025ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും; 2030ല്‍ മൂന്നാമതെത്തും

2025 ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പുതിയ പഠനം. നിലവില്‍ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2025 എത്തുമ്പോഴേക്കും ബ്രിട്ടണിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. തുടര്‍ന്ന് 2030 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചുവടുവെയ്ക്കുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സിഇബിആര്‍) വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 -ല്‍ ബ്രിട്ടണിനെ പിന്നിലാക്കി ഇന്ത്യ അഞ്ചാമതെത്തിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സമ്പദ്വ്യവസ്ഥ താറുമാറായതോടെ ഇന്ത്യ വീണ്ടും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞത് ബ്രിട്ടണിന് കാര്യങ്ങള്‍ എളുപ്പമാക്കി. എന്തായാലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്നാണ് സിഇബിആര്‍ പ്രവചിക്കുന്നത്. 2021 ഓടെ രാജ്യത്തെ സമ്പദ്ഘടന 9 ശതമാനം വികസിക്കും. 2022 -ല്‍ വളര്‍ച്ചാ നിരക്ക് ഏഴു ശതമാനം തൊടുമെന്നാണ് വിലയിരുത്തല്‍. 2025 -ല്‍ ബ്രിട്ടണിനെയും 2027 -ല്‍ ജര്‍മ്മനിയെയും 2030 -ല്‍ ജപ്പാനെയും ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മറുഭാഗത്ത് 2028 ഓടെ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പ്രവചനമുണ്ട്.

നേരത്തെ, 2033 ഓടെയാണ് അമേരിക്കയെ ചൈന മറികടക്കുമെന്ന് കരുതിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ചൈന അതിവേഗം തിരിച്ചുവരികയാണ്; അമേരിക്കയുടെ തിരിച്ചുവരവാകട്ടെ മന്ദഗതിയിലും തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കരുതിയതിലും അഞ്ച് വര്‍ഷം മുന്‍പ് ചൈന അമേരിക്കയെ പിന്നിലാക്കുമെന്നാണ് നിഗമനം.

ഡോളറുമായുള്ള വിനിമയ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ 2030 വരെ ജപ്പാന്‍ തന്നെയായിരിക്കും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി. 2030 -ന്റെ തുടക്കത്തില്‍ത്തന്നെ ഈ സ്ഥാനം ഇന്ത്യ കയ്യേറും. ഇതോടെ ജപ്പാന്‍ നാലാം സ്ഥാനത്തേക്കും ജര്‍മ്മനി അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെടും.

കൊവിഡ് പ്രതിസന്ധിക്ക് മുന്‍പുതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നതായി സിഇബിആര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2019 -ല്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലാണ് ആഭ്യന്തര ഉത്പാദനം എത്തി നിന്നത്. 2018 -ല്‍ 6.1 ശതമാനം കുറിച്ച ജിഡിപി 2019 പിന്നിട്ടപ്പോള്‍ 4.2 ശതമാനമായി ചുരുങ്ങി. 2016 കാലഘട്ടത്തില്‍ 8.3 ശതമാനമായിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച. ബാങ്കിങ് വ്യവസ്ഥയിലെ തകര്‍ച്ചയും രാജ്യാന്തര വ്യാപാരത്തില്‍ സംഭവിച്ച മെല്ലപ്പോക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

News Desk
Author

Related Articles