News

കൊവിഡ് ചൈനയ്ക്ക് സമ്മാനിച്ചത് എട്ടിന്റെ പണി; ആഗോള വിതരണ ശൃംഖല പൂര്‍ണമായും ചൈനയില്‍ നിന്നും മാറുന്നു; നേട്ടം ഇന്ത്യയ്‌ക്കോ?

ന്യൂഡല്‍ഹി: കൊവിഡാനന്തര വിപണി ചൈനയില്‍ നിന്ന് മാറും. ആഗോള വിതരണ ശൃംഖല പൂര്‍ണമായും ചൈനയില്‍ നിന്ന് മറ്റെതെങ്കിലും ഇടത്തേക്ക് മാറാന്‍ ഒരുങ്ങുകയാണ്. പല രാജ്യങ്ങളുടെയും കൊവിഡ് കാലത്ത് ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. ഇതോടെ ഇവര്‍ പുതിയ യൂണിറ്റുകള്‍ക്കായി വിവിധ ഓപ്ഷനുകളാണ് പരിഗണിക്കുന്നത്. ഇന്ത്യക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുകയെന്ന് സര്‍വേ പ്രവചിക്കുന്നു. ഫിക്കി-ധ്രുവ അഡൈ്വസേഴ്സിന്റെ സര്‍വേയാണിത്.

ഇന്ത്യയിലെ 150 കമ്പനികള്‍ക്കിടയിലാണ് ഈ സര്‍വേ നടത്തിയത്. ചൈനയില്‍ നിന്ന് വിതരണ ശൃംഖല മാറുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ഇവര്‍ പറയുന്നു. ചൈനയില്‍ നിന്ന് പല നിര്‍മാണ യൂണിറ്റുകളും കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് യൂണിറ്റുകള്‍ മാറ്റുമെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ തന്നെ പ്രമുഖ നിര്‍മാണ യൂണിറ്റുകളെല്ലാം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എല്ലാ പിന്തുണയും സര്‍ക്കാര്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ ഇന്ത്യയിലെ നികുതി സമ്പ്രദായമാണ് കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഇളവ് കൊണ്ടുവന്നാല്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാവും. അതേസമയം കൊവിഡ് വാക്സിന്റെ വരവ് ബിസിനസ് മേഖലയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. വാക്സിന്‍ കൃത്യമായി ലഭിക്കാന്‍ തുടങ്ങിയാല്‍ ബിസിനസ് മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാകുമെന്ന് കമ്പനികള്‍ വിശ്വസിക്കുന്നു.

അതേസമയം ഇന്ത്യയിലേക്കുള്ള അവസരങ്ങളെ മുതലെടുക്കാന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് കമ്പനികള്‍ പറയുന്നു. ആത്മനിര്‍ഭര്‍ പാക്കേജ് ബിസിനസ് മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ നിര്‍മാണ മേഖലയ്ക്കും കരുത്ത് പകരും. ആത്മനിര്‍ഭര്‍ പാക്കേജ് മികച്ചതാണെന്ന് സര്‍വേയില്‍ പറയുന്നു. വരാനിരിക്കുന്ന ബജറ്റിലാണ് എല്ലാ കമ്പനികളുടെയും പ്രതീക്ഷ. കൊവിഡിനെ തുടര്‍ന്ന് കാര്യമായ മാറ്റം ബിസിനസ് മേഖലയ്ക്കുണ്ടായിട്ടുണ്ടെന്ന് സര്‍വേയില്‍ ഇവര്‍ വ്യക്തമാക്കുന്നു.

Author

Related Articles