News

തദ്ദേശീയ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് 10,000 കോടി വകയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യന്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ പദ്ധതി വരുന്നതോടെ റഷ്യന്‍ നിര്‍മ്മിത എംഐ 17 കോപ്റ്ററുകള്‍ പഴങ്കഥ

ഡല്‍ഹി: മീഡിയം ലിഫ്റ്റ് ഹെലിക്കോപ്റ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന് 10000 കോടിയുടെ പ്രോജക്ടിന് തയാറായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സായുധ സേനയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കുമതി എന്നത് പഴങ്കഥയാകും. രാജ്യം നടപ്പിലാക്കുന്ന ഏറ്റവും വലിയ ഹെലിക്കോപ്റ്റര്‍ നിര്‍മ്മാണ പദ്ധതിയാണിത്. ഇതിന് കാബിനറ്റ് അംഗീകാരം കൂടി ആവശ്യമാണ്. വളരെ കര്‍ശനമായ വികസന പരിപാടികളാണ് ഇന്ത്യന്‍ മള്‍ട്ടി റോള്‍ ഹെലിക്കോപ്റ്റര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

മാത്രമല്ല ഹെലിക്കോപ്റ്ററുകള്‍ സൈനിക ഉപയോഗത്തിനായി നല്‍കുന്നതിന് മുന്‍പ് ദൃഢത തെളിയിക്കുന്നതിന് ഒന്നില്‍ കൂടുതല്‍ നാശ പരിശോധനയും നടത്തും. ഇതിനു ശേഷം മാത്രമേ ഹെലികോപ്റ്ററുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.  മാത്രമല്ല വരും വര്‍ഷങ്ങളില്‍ പ്രതിരോധ സേനയ്ക്ക് ഇത്തരത്തില്‍ 550 യൂണിറ്റുകള്‍ ആവശ്യമായി വരുമെന്നും ഇത്തരം ഹെലികോപ്റ്ററുകളുടെ കയറ്റുമതിയും ആലോചനയിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിലൂടെ നൂതന ലൈറ്റ് ഹെലികോപ്റ്റര്‍ അടക്കമുള്ളവ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികമായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത എംഐ8/ 17 ഹെലികോപ്റ്ററുകള്‍ക്ക് ഇവ പകരമാവുമെന്നാണ് കരുതുന്നത്.  പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്ന ക്രോസ് ബോര്‍ഡര്‍ പ്രകോപനങ്ങള്‍ക്ക് സമയത്തിന് കൃത്യമറുപടി നല്‍കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ കയ്യിലുള്ള ആയുധത്തെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച.

ബോയിങ്ങ് വിമാനക്കമ്പനി നിര്‍മിക്കുന്ന അപ്പാച്ചെ എഎച്ച്64 ഇ ചോപ്പറുകളാണ് പാക്കിസ്ഥാന്‍ ഭീകരരുടെ നെഞ്ചിടിപ്പേറ്റാനായി ഇന്ത്യന്‍ സൈന്യത്തോട് ചേരുന്നത്. ഒന്നും രണ്ടുമല്ല 22 എണ്ണത്തിനാണ് സൈന്യം ഓര്‍ഡര്‍ കൊടുത്തിരുന്നത്. അതിലെ ആദ്യത്തെ ലോട്ടിന്റെ ഡെലിവറിയാണ്  ഇപ്പോള്‍ നടന്നിരിക്കുന്നത്. പത്താന്‍കോട്ട് എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ കേന്ദ്രമാക്കിയായിരിക്കും ഈ 'ഹെവി ഡ്യൂട്ടി കോംബാറ്റ് ചോപ്പറു'കളുടെ ഓപ്പറേഷന്‍സ്. സെപ്റ്റംബറിലായിരിക്കും ഈ പുതിയ പറക്കുംതുമ്പികളുടെ ഔപചാരികമായ കമ്മീഷനിങ്ങ് ചടങ്ങുകള്‍ നടത്തുക. 

ഈ അത്യാധുനിക അപ്പാച്ചെ ചോപ്പര്‍ വ്യോമസേനയുടെ ആവനാഴിയിലെത്തുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മബലം ഇരട്ടിക്കുമെന്നാണ് പ്രതിരോധവിദഗ്ദ്ധരുടെ അഭിപ്രായം. അത്രയ്ക്ക് മാരകമാണ് ഈ ഹെലിക്കോപ്റ്ററുകളുടെ പ്രഹരശേഷി. ഏതുതരം മിഷനുകള്‍ക്കും ചേരുന്ന രീതിയിലുള്ള ഒരു 'വേര്‍സറ്റയില്‍ ഡിസൈന്‍ ഫിലോസഫി'യാണ് അപ്പാച്ചെയുടേത്.  ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവര്‍ത്തിക്കാനുതകും വിധത്തിലുള്ള ലേസര്‍, ഇന്‍ഫ്രാറെഡ് സംവിധാനങ്ങള്‍ അപ്പാച്ചെയിലുണ്ട്.  എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാന്‍ കരുത്തുള്ള 'ഹെല്‍ഫയര്‍' മിസൈലുകളും,  റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനുമാവും ഈ ചോപ്പറുകളില്‍ നിന്നും. അതിനു പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതില്‍ സജ്ജമാക്കാന്‍ സാധിക്കും. 

Author

Related Articles