News

കേന്ദ്ര സര്‍ക്കാരിന്റെ 'ദീര്‍ഘവീക്ഷണത്തിന്' ബലമേകി നീതി ആയോഗ് വൈസ് ചെയര്‍മാനും; 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ 8 ശതമാനം വളര്‍ച്ച നേടുമെന്ന് രാജീവ് കുമാര്‍; സമ്പദ് വ്യവസ്ഥയെ അഞ്ചു ട്രില്യണ്‍ ഡോളിലെത്തിക്കാന്‍ 'മോദി 2.0' ടീമിനാകുമോ?

ഡല്‍ഹി: രണ്ടാം തവണയും  അധികാരത്തിലേറിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സമ്പത് വ്യവസ്ഥ ഉയര്‍ച്ചയിലേക്ക് തന്നെ കുതിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.  ഈ വേളയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന് പിന്തുണയേകും വിധമുള്ള അഭിപ്രായവുമായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യം എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല ജിഎസ്ടി അടക്കം സാമ്പത്തിക രംഗത്ത് കൊണ്ടു വന്ന പരിഷ്‌കരണങ്ങള്‍ ഇതിന് ബലമേകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്ക് സേവന നികുതി, പാപ്പരത്ത കോഡ് തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പാസാക്കിയതോടെയാണ് സമ്പദ് വ്യവസ്ഥ ഊര്‍ജ്ജിതമാകുന്നതിന് അടിത്തറ പാകിയത്. ഇത് കൃത്യമായി നടപ്പിലാക്കിയെടുക്കാന്‍ സമയമെടുത്തെങ്കിലും ഇനി അവ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്നും കുമാര്‍ വ്യക്തമാക്കി. 

ഈ വേളയിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ 1.85 ട്രില്യണ് ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ അത് 2.7 ട്രില്യണ് ഡോളറില്‍ എത്തി. വളര്‍ച്ചയ്ക്കു സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമെന്നും എല്ലാ മേഖലയ്ക്കും പരിഗണന നല്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുകയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്കിയും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടിയുമാണ് സാമ്പത്തിക വളര്ച്ച കൈവരിക്കാനാവുക. വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത രീതിയും അവലംബിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Author

Related Articles