ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിലെ മാറ്റങ്ങൾ ചൈനീസ് കമ്പനികൾക്ക് തിരിച്ചടിയായി; ഇന്ത്യൻ കമ്പനികളെ ചൈന വിഴുങ്ങുന്നത് തടയാനുള്ള നീക്കം; കൊറോണയിൽ ഓഹരി വിലയിടിവിനെ മുതലെടുത്ത് നിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ചൈന
മുംബൈ: ചൈനീസ് കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനുളള കേന്ദ്ര സർക്കാരിന്റെയും സെബിയുടെയും നീക്കം ഇന്ത്യൻ ടെക്ക് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രതിസന്ധിയായേക്കും. ബിഗ് ബാസ്‌ക്കറ്റ്, പേടിഎം, ഓല, മറ്റ് ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ചാണ് ആശങ്ക. കോവിഡ് -19 കാലയളവിൽ കുറഞ്ഞു നിൽക്കുന്ന ഓഹരി മൂല്യനിർണ്ണയം മുതലെടുത്ത് ചൈനീസ് കമ്പനികൾ പ്രാദേശിക കമ്പനികളിൽ നിക്ഷേപം വർധിപ്പിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചൈനയില്‍ നിന്നോ ചൈന വഴിയോ രാജ്യത്തെ ഓഹരി വിപണിയില്‍ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം നല്‍കിയിരുന്നു. പതിവില്‍ക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോള്‍ സെബിയുടെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് വിവരങ്ങള്‍ കൈമാറാറുണ്ട്. എന്നാല്‍ ചൈനീസ് നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്.
ചൈനയില്‍നിന്നും ഹോങ്കോങില്‍ നിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്നും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളില്‍ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്.
കഴിഞ്ഞയാഴ്ചയില്‍ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ ഇത് 0.8 ശതമാനമായിരുന്നു വിഹിതം. ചൈനയില്‍ നിന്നുള്ള 16 പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ വന്‍കിട ഓഹരികളില്‍ 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതോടെ അയൽരാജ്യത്ത് നിന്നുള്ള നിക്ഷേപകർക്ക് കൂടുതൽ സൂക്ഷ്മപരിശോധന കൂടാതെ ഇവിടത്തെ കമ്പനികളിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കാൻ അനുവദിക്കരുതെന്ന് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കസ്റ്റോഡിയൻമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ചൈന, ഹോങ്കോംഗ്, മറ്റ് 11 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ഇമെയിലിലൂടെ സെബി തേടിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങളിൽ നിന്നുളള ഫണ്ട് നിയന്ത്രിക്കുന്നതിന് പിന്നിൽ ഒരു ചൈനീസ് നിക്ഷേപകനോ ഫണ്ട് മാനേജറോ പ്രവർത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ചാണ് സെബിയുടെ അന്വേഷണം. ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് (എഫ്പിഐ) വഴി ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്താൻ ചൈനീസ് കമ്പനികൾക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഈ പരിശോധന വലിയ പ്രാധാന്യം അർഹിക്കുന്നു.
നിർദ്ദിഷ്ട നിയന്ത്രണങ്ങളുടെ അഭാവത്തിൽ, ഇന്ത്യയിൽ ലിസ്റ്റുചെയ്ത കമ്പനികളിൽ ചൈനീസ് കമ്പനികൾക്ക് ഇപ്പോഴും 10 ശതമാനം വരെ ഓഹരി വിഹിതം നേടാൻ കഴിയും. ഇത് നിലവിലെ ഓഹരി വിപണിയിലെ സമ്മർദ്ദകാലയളവിൽ ചൈനീസ് കടന്നുകയറ്റത്തിന് കാരണമായേക്കും. എഫ്ഡിഐ, എഫ്പിഐ എന്നിങ്ങനെ രണ്ട് റൂട്ടുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വരുന്നത്. എഫ്ഡിഐ നിയന്ത്രിക്കുന്നത് വാണിജ്യ മന്ത്രാലയവും വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പുമാണ് (ഡിപിഐഐടി). ധനമന്ത്രാലയത്തിന് കീഴിലുള്ള സെബിയാണ് എഫ്പിഐ നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നത്. മൊത്തം 16 ചൈനീസ് എഫ്പിഐകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.1 ബില്യൺ ഡോളർ ടോപ്പ് ടയർ സ്റ്റോക്കുകളിൽ ഇവർ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ പ്രത്യക്ഷവും പരോക്ഷവുമായ (പ്രയോജനകരമായ ഉടമസ്ഥാവകാശം) റൂട്ടുകളിലൂടെ ചൈനയുടെ നിക്ഷേപത്തിന്റെ കൃത്യമായ നില പൊതുസഞ്ചയത്തിലില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യ വിദേശനിക്ഷേപ നയത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപനയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യൻ കമ്പനികളിൽ നടത്തുന്ന ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തു വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഓഹരി വില ഇടിഞ്ഞതോടെയാണിത്.
രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് പൊതുവേയുള്ളത്. ഒന്ന് - സർക്കാർ അനുവാദം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് റൂട്ട്. രണ്ട് - സർക്കാർ അനുമതി ആവശ്യമുള്ള തരം നിക്ഷേപം. വിദേശനിക്ഷേപനയം കൊവിഡ് പ്രതിസന്ധികാലത്ത് പുതുക്കുന്നത്, രാജ്യത്തെ കമ്പനികൾക്ക് മേൽ, അവസരം മുതലെടുത്ത് കൊണ്ട് ഓഹരി വാങ്ങിക്കൂട്ടലുകളും ടേക്കോവറുകളും നടക്കാതിരിക്കാൻ വേണ്ടിയാണെന്ന്, കേന്ദ്ര വാണിജ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. ചൈനയെത്തന്നെയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
''ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യത്തിലെയും ഒരു വാണിജ്യസ്ഥാപനമോ, അതിന്‍റെ ഉടമയോ, സർക്കാർ അനുമതി വാങ്ങി മാത്രമേ ഇന്ത്യയിലെ ഏത് കമ്പനിയിലും നിക്ഷേപം നടത്താൻ പാടുള്ളൂ'', എന്നാണ് ഉത്തരവ്. നിലവിൽ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിയ്ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സർക്കാർ അനുമതി വേണം.
നിലവിൽ, എച്ച്ഡിഎഫ്സിയുടെ ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയിൽത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്പുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങൾ. എച്ച്ഡിഎഫ്സിയുടെ 1.01 % ഓഹരികളാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. അവസരം മുതലെടുത്ത് ചൈന സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് ആരോപണമുയർന്നു. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ പരിധിയിൽ, എച്ച്ഡിഎഫ്സി - പീപ്പിൾസ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാട് വരില്ല. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകൾക്കാണ് കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി വേണ്ടത്.
ഇതിന് പുറമേ, പ്രതിരോധം, ടെലികോം, മരുന്നുൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളിൽ അമ്പതും അതിന് മുകളിലും വിദേശത്ത് നിന്ന് നടത്തുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന് നിർബന്ധമാണ്. അത് മാത്രമല്ല, 50 ബില്യണിന് മുകളിലുള്ള ഏത് നേരിട്ടുള്ള വിദേശനിക്ഷേപവും സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതിക്ക് മുന്നിൽ വച്ച് പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകൂ.
നിലവിലെ ഈ നിയന്ത്രണങ്ങൾ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നൽകുക. ഓൺലൈൻ ഗ്രോസറി റീട്ടെയിലർ ബിഗ് ബാസ്‌ക്കറ്റ്, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം, റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോം ഓല എന്നിവയ്ക്ക് ഇതുവരെ ചൈനീസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ നിക്ഷേപം ലഭിച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ ചൈന ഉൾപ്പെടെയുള്ള ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപം നിരോധിക്കുകയോ/ നിരീക്ഷിക്കുകയോ ചെയ്യാനുളള പുതിയ വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ ഈ കമ്പനികളെ ഏറ്റവും ബാധിക്കും.
ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് എല്ലാ ചൈനീസ് നേരിട്ടുള്ള, പരോക്ഷ നിക്ഷേപകർക്കും സർക്കാർ അനുമതി തേടേണ്ടത് ഈ നടപടിയിലൂടെ നിർബന്ധമാകും. ചൈനീസ് മുൻനിര നിക്ഷേപകരായ അലിബാബ, ടെൻസെന്റ് എന്നിവരുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിന്റെ മുന്നോട്ടുളള ഘട്ടങ്ങളെ പുതിയ നിബന്ധന ബാധിച്ചേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍