News

കരകയറി ഇന്ത്യ; തൊഴിലില്ലായ്മ നിരക്ക് 11 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: രാജ്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നുവെന്നതിന്റെ സൂചകമായി തൊഴിലില്ലായ്മ ജനുവരിയില്‍ കുറഞ്ഞ നിരക്കില്‍. 6.57 ശതമാനമാണ് ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്. നഗരപ്രദേശങ്ങളില്‍ 8.16 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളില്‍ 5.84 ശതമാനവും.

ഒമിക്രോണ്‍ വകഭേദ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി രാജ്യം ക്രമേണ തിരിച്ചുവരവിന്റെ പാതയിലായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പറഞ്ഞു. ഡിസംബറില്‍ രാജ്യത്ത് 7.91 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതില്‍ നഗര പ്രദേശങ്ങളില്‍ 9.30 ശതമാനവും ഗ്രാമങ്ങളില്‍ 7.28 ശതമാനവുമാണെന്ന് സിഎംഐഇ കണക്കുകള്‍ പറയുന്നു.

തെലങ്കാനയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനം. ജനുവരിയില്‍ 0.7 ശതമാനമാണ് തെലങ്കാനയിലെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (1.2 ശതമാനം), മേഘാലയ (1.5 ശതമാനം), ഒഡീഷ (1.8 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. ഹരിയാനയാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനം. 24.4ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനില്‍ ഇത് 18.9 ശതമാനവും.

2021 ഡിസംബര്‍ വരെ ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 5.3 കോടിയാണെന്ന് സിഎംഐ അറിയിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുമായിരുന്നു. 2021 ഡിസംബറില്‍ 3.5 കോടി പേര്‍ സജീവമായി തൊഴില്‍ അന്വേഷിച്ചിരുന്നുവെന്നും ഇതില്‍ 23 ശതമാനം അതായത് 80ലക്ഷം പേര്‍ സ്ത്രീകളായിരുന്നുവെന്നും സിഎംഐ എം.ഡിയും സി.ഇ.ഒയുമായിരുന്ന മഹേഷ് വ്യാസ് പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം 20 ശതമാനത്തിന് മുകളിലായിരുന്നു തൊഴിലില്ലായ്മ നിരക്ക്. രാജ്യം നേരിടുന്ന ഏറ്റവും ഉയര്‍ന്ന വെല്ലുവിളിയായിരുന്നു തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്.

Author

Related Articles