News

ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ച ആപ്പ് വിപണി ഇന്ത്യയുടേത്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ച ആപ്പ് വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. മൊബീല്‍ വിപണി നിരീക്ഷിക്കുന്ന ഗവേഷക കമ്പനിയായ അഡ്ജസ്റ്റാണ് ഇതുസംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. മൊബീല്‍ ആപ്പുകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 49 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്.

ആകെ മൊബീല്‍ ആപ്പുകളുടെ ഇടയില്‍ വിദ്യാഭ്യാസ ആപ്പുകളാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഗെയിമിംഗ് വളര്‍ച്ച താരതമ്യേന സാവധാനത്തിലാണെന്ന് തോന്നുന്നു. എന്നാല്‍ ലോകമെങ്ങും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്നത് ഗെയിമിംഗ് വിഭാഗമാണ്.   

മൊബീല്‍ ആപ്പുകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ 2019 ല്‍ അര്‍ജന്റീന, ബ്രസീല്‍, തായ്ലന്‍ഡ്, സ്പെയിന്‍, ഇറ്റലി, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഇടയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2020 ല്‍ ആപ്പുകളുടെയും ഗെയിമുകളുടെയും കാര്യത്തില്‍ ഇന്ത്യ ഏറ്റവും വലിയ വളര്‍ച്ച നേടിയപ്പോള്‍ ഗെയിമിംഗ് വളര്‍ച്ചയില്‍ അര്‍ജന്റീനയാണ് മുന്നില്‍.

മൊബീല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 70 കോടി പേരാണ് മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇതില്‍ 45.1 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പ് വിഭാഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ ആപ്പുകള്‍ കഴിഞ്ഞാല്‍, ബിസിനസ് ആപ്പുകള്‍, ഫുഡ് ആപ്പുകള്‍, സോഷ്യല്‍ ആപ്പുകള്‍, ഗെയിംസ് എന്നിവയാണ് വളര്‍ച്ച കൈവരിക്കുന്നത്.   

ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വേഗത കുറച്ചാണ് ഗെയിമിംഗ് വളരുന്നതെന്ന് തോന്നുന്നു. ഒരുപക്ഷേ വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റ് ആപ്പ് വിഭാഗങ്ങള്‍ ഗെയിംസിനെ പിന്നിലാക്കിയതാവാം. കൊവിഡ് 19 കാലത്ത് ആഗോളതലത്തില്‍ മൊബീല്‍ ഷോപ്പിംഗ് വര്‍ധിച്ചിരിക്കുകയാണ്. 2020 ല്‍ ഇന്ത്യയില്‍ ഇ കൊമേഴ്സ് താരതമ്യേന കുറഞ്ഞ വളര്‍ച്ചയാണ് കൈവരിച്ചത്. ഇന്ത്യയില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച ഏഴാമത്തെ വിഭാഗം വിനോദ ആപ്പുകളാണ്. ആഗോളതലത്തില്‍ സ്ട്രീമിംഗ്/ഒടിടി ബിസിനസ് ഏറ്റവും ശക്തമായി വളരുന്ന മേഖലകളിലൊന്നാണ് ഇന്ത്യ.   

ലോകത്തെ എല്ലാ രാജ്യങ്ങളിലും എറ്റവുമധികം വളര്‍ച്ച കൈവരിക്കുന്നത് ഗെയിമിംഗ് വിഭാഗമാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 60 ശതമാനം വളര്‍ച്ച നേടിയ അര്‍ജന്റീന ഈ രാജ്യങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നു. വിയറ്റ്നാം, ബ്രസീല്‍, ചൈന, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. ഗെയിമിംഗ് വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്.

Author

Related Articles