News

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അസോചം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചം). കൊവിഡ് മൂലമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളര്‍ച്ച വാക്‌സിന്‍ ലഭ്യമാകുന്നതോടെ വന്‍ കുതിപ്പ് നടത്തി തിരികെ കയറും.

ഇംഗ്ലിഷ് അക്ഷരമാലയിലെ വി അക്ഷരത്തിന്റെ രൂപത്തിലുള്ള വളര്‍ച്ചയാണ് പ്രവചിക്കുന്നത്. 2020 ലെ അവസാന രണ്ട് മാസങ്ങളില്‍ ഇതിന്റെ സൂചനയാണ് ലഭിച്ചതെന്നും അസോചം സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു. ഇന്ത്യയുടെ ജിഡിപി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം ഇടിയുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കാണിത്. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി തൊട്ടതോടെ അസോചം വലിയ പ്രതീക്ഷയിലാണ്.

ജിഎസ്ടി വരുമാനത്തില്‍ സംസ്ഥാന തലത്തിലുണ്ടായ വളര്‍ച്ച വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 2021-22 വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കൂടി വരുന്നതോടെ കൂടുതല്‍ വളര്‍ച്ച നേടാനാവും. ഇതിലാണ് അസോചം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡിന് നല്‍കിയ പ്രതികരണത്തില്‍ ദീപക് സൂദ് വ്യക്തമാക്കി.

Author

Related Articles