News

ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ സൂചന നല്‍കിത്തുടങ്ങി: ശക്തികാന്ത ദാസ്

ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ സൂചന നല്‍കിത്തുടങ്ങിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് മഹാമാരി കാരണം കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സമ്പദ്ഘടനയ്ക്ക് ക്ഷീണം ചെയ്തു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് രംഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശനിയാഴ്ച്ച അറിയിച്ചു. ഏഴാമത് എസ്ബിഐ ബാങ്കിങ് ആന്‍ഡ് ഇക്കണോമിക്സ് യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം ശക്തികാന്ത ദാസ് അറിയിച്ചത്.

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് റിസര്‍വ് ബാങ്ക് ചരിത്രപരമായ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തുവെന്നും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഉയര്‍ന്നുവരുന്ന അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിന് കേന്ദ്ര ബാങ്ക് പ്രത്യേക ഓഫ്സൈറ്റ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ലോക്ക്ഡൗണിന് ശേഷം പുതിയ പ്രതിസന്ധികള്‍ എപ്രകാരം ഉടലെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റിസര്‍വ് ബാങ്ക് ഇടക്കാല നയങ്ങള്‍ രൂപീകരിക്കുക, ശക്തികാന്ത ദാസ് വ്യക്തമാക്കി.

റിപ്പോ നിരക്ക് സംബന്ധിച്ചും യോഗത്തില്‍ ഗവര്‍ണര്‍ സംസാരിച്ചു. 2019 ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചുവരികയാണ്. കൊവിഡ് മഹാമാരി തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ 135 ബേസിസ് പോയിന്റ് കേന്ദ്ര ബാങ്ക് കുറച്ചിരുന്നു. വിപണിയിലെ മാന്ദ്യം ഒരുപരിധിവരെ പ്രതിരോധിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 250 ബേസിസ് പോയിന്റ് (2.5 ശതമാനം) റിസര്‍വ് ബാങ്ക് ഇതുവരെ കുറച്ചു, ശക്തികാന്ത ദാസ് പറഞ്ഞു

നിലവില്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര ബാങ്ക് പ്രഥമ പരിഗണന നല്‍കുന്നത്. ഫെബ്രുവരി മുതല്‍ ഇതുവരെ 9.57 ലക്ഷം കോടി രൂപയുടെ പണലഭ്യത റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.7 ശതമാനം വരുമിത്. പുതിയ സാഹചര്യത്തില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളിലുമുള്ള വീണ്ടെടുക്കല്‍ സമ്മര്‍ദ്ദം നിരീക്ഷിക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Author

Related Articles