News

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ, ലോകത്തെ ഏറ്റവും പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറും

ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ, ലോകത്തെ ഏറ്റവും പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍. 'കോവിഡാനന്തര സ്വാധീനങ്ങളെ എത്രയും പെട്ടെന്ന് മറികടന്ന്, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറും'- ഡോ. രാജീവ് കുമാര്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു നീതി ആയോഗ് വൈസ് ചെയര്‍മാന്‍.

മഹാമാരി, പല കാര്യങ്ങളെയും മാറ്റുകയും പുതിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാണിച്ചുതരികയും ചെയ്തു. ഇവയില്‍ പലതും കോവിഡാനന്തര ലോകത്ത് നിലനില്‍ക്കും.കോവിഡിന് ശേഷം ഒരു നൂതനാശയ സമ്പദ് വ്യവസ്ഥ നമുക്ക് ആവശ്യമാണെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. കോവിഡാനന്തര സാമ്പത്തിക വ്യവസ്ഥ ആദ്യ പാദത്തിനു ശേഷം ഇപ്പോള്‍ പുനരുജ്ജീവന പാതയിലാണ്. അടുത്ത ഏതാനും പാദങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതി കൈവരിക്കും.അടുത്ത 20- 30 വര്‍ഷങ്ങള്‍ കൊണ്ട് ശരാശരി 7 -8 ശതമാനം വളര്‍ച്ച കൈവരിച്ച്, 2047 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പത്ത് ശക്തിയായി ഇന്ത്യ മാറുമെന്നും ഡോ. രാജീവ് കുമാര്‍ പറഞ്ഞു

കാര്‍ഷികം, ആധുനിക വൈദ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പുതിയ വിദ്യാഭ്യാസ നയം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, തൊഴില്‍ മേഖല തുടങ്ങി എല്ലാ മേഖലകളിലും കേന്ദ്രം ശക്തമായ നടപടികളും പരിഷ്‌കാരങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം പല കാര്യങ്ങളിലും മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു, കോവിഡിന് ശേഷമുള്ള ലോകത്ത് ഉയര്‍ന്നു വരുന്ന ഒരു നൂതന സാമ്പത്തിക സംവിധാനം സര്‍ക്കാരിനു ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം വിവാദമായ കാര്‍ഷിക ബില്ലിനെയും ന്യായീകരിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തെറ്റിദ്ധാരണയുടെയും തെറ്റായ ആശയവിനിമയത്തിന്റെയും ഫലമായാണ് ഇപ്പോഴത്തെ പ്രക്ഷോഭമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Author

Related Articles