News

ഇന്ത്യന്‍ അരി ലോക വിപണി കീഴടക്കുന്നു; ആവശ്യക്കാര്‍ ഏറെ

മുംബൈ: ഇന്ത്യന്‍ അരിക്ക് ലോക വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്നു. കയറ്റുമതി വന്‍തോതില്‍ വര്‍ധിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അരിക്ക് കൂടുതല്‍ വിപണികള്‍ കീഴടക്കാന്‍ സാധിച്ചത് വന്‍ നേട്ടമാണ്. ഇന്ത്യയുടെ ബസ്മതി അരി തന്നെയാണ് മികച്ച് നില്‍ക്കുന്നത്. മറ്റു അരികള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അരി കയറ്റുമതി വരുമാനം 1000 കോടി ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധനവാണിത്.

ബസ്മതി ഇതര അരികള്‍ 612 ടണ്‍ ആണ് കയറ്റുമതി ചെയ്തത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ബസ്മതി അരി മാത്രം 274 ടണ്‍ കയറ്റുമതി ചെയ്തു. ആന്ധ്രയിലെ കാകിനാഡ തുറമുഖത്ത് നിന്നാണ് ബസ്മതി ഇതര അരി കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 10 കപ്പലുകള്‍ ഇപ്പോഴും അരി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് അരി കയറ്റുമതി അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു.

ചൈനയില്‍ നിന്ന് ഇന്ത്യന്‍ അരിക്ക് ആവശ്യം വന്നു എന്നതാണ് എടുത്തുപറയേണ്ടത്. കൂടാതെ ബംഗ്ലാദേശ്, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളായ കാമറൂണ്‍, കോംഗോ, മൊസാംബിക്, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങല്‍ നിന്നും ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കും ആവശ്യം ഏറി വരികയാണ്. കയറ്റുമതിയും വര്‍ധിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ചൈന ഇന്ത്യയില്‍ നിന്ന് അരിയിറക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ നിന്ന് ചൈന വന്‍ തോതില്‍ അരി ഇറക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറക്കുമതി നിര്‍ത്തി. അടുത്ത വര്‍ഷം അരി ഇറക്കുമതി ചൈന വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഒരു ലക്ഷം ടണ്‍ അരിയാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. 40 ലക്ഷം ടണ്‍ അരിയാണ് ഓരോ വര്‍ഷവും ചൈന ഇറക്കുമതി ചെയ്യുന്നത്. തായ്ലാന്റ്, വിയറ്റ്നാം, മ്യാന്‍മര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ചൈനയിലേക്ക് നിലവില്‍ അരി കയറ്റുമതി ചെയ്യുന്നത്.

Author

Related Articles