News

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന; 23 ശതമാനം ഉയര്‍ന്നു

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ ജൂണ്‍ മാസത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 23 ശതമാനം ഉയര്‍ന്ന് 359 ദശലക്ഷം ഡോളറാണ് കയറ്റുമതി ചെയ്തത്. 2690 കോടിയോളം വരുമിത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് കയറ്റി അയച്ചത്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങള്‍ തുടങ്ങിയവയാണ് കയറ്റി അയച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍.

അമേരിക്ക, യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, യുഎഇ, ഇറാന്‍, സിങ്കപ്പൂര്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്. അസോചം പുറത്തുവിടുന്ന കണക്കനുസരിച്ച് രാജ്യത്ത് നിന്നും ജൂണ്‍ മാസത്തില്‍ നടത്തിയ കയറ്റുമതിയുടെ ആകെ മൂല്യം 21.91 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 25.01 ബില്യണ്‍ ഡോളറായിരുന്നു. 12.41 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലാണ് ലോകം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്ത്യയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സുഗന്ധ വ്യഞ്ജന കയറ്റുമതിയിലുണ്ടായ വര്‍ധനവിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു.

Author

Related Articles