News

ഒമാനിലേക്ക് സൗജന്യ വിസ; 103 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് അവസരം; ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിബന്ധനകള്‍

മസ്‌കറ്റ്: ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി 103 രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പത്ത് ദിവസം രാജ്യത്ത് തങ്ങുവാന്‍ അനുവദിച്ചു കൊണ്ട് കഴിഞ്ഞാഴ്ച ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഒമാനിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ കൂടി ഉണ്ടായിരിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ, ഈജിപ്ത്, മൊറോക്കോ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ആസ്ത്രേലിയ, യുണൈറ്റഡ് കിങ്ഡം, ജപ്പാന്‍, ഷെന്‍ഖാന്‍ ഉടമ്പടികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സ്ഥിരതാമസക്കാരായവര്‍ക്കോ, ഈ രാജ്യങ്ങളിലെ കാലാവധിയുള്ള വിസ കൈവശം ഉള്ളവര്‍ക്കോ മാത്രമേ ഒമാനിലേക്കുള്ള സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഒമാന്‍ എയര്‍ പോര്‍ട്ടിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ നാല് രാജ്യങ്ങള്‍ക്കു പുറമെ, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ്, അസര്‍ബൈജാന്‍, താജിക്കിസ്ഥാന്‍, കോസ്റ്റാറിക്ക, കിര്‍ഗിസ്ഥാന്‍, നിക്കരാഗ്വ, അര്‍മേനിയ, പനാമ, ബോസ്നിയ, ഹെര്‍സഗോവിന, തുര്‍ക്ക്മെനിസ്ഥാന്‍, ഹോണ്‍ഡുറാസ്, ഗ്വാട്ടിമാല, കസാക്കിസ്ഥാന്‍, ലാവോസ്, അല്‍ബാനിയ, സാല്‍ബാനോര്‍ വിയറ്റ്നാം, ക്യൂബ, മാലിദ്വീപ്, ഭൂട്ടാന്‍, പെറു എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഈ വ്യവസ്ഥകള്‍ പാലിക്കണം.

എന്നാല്‍ ഒമാനിലെ നിലവിലെ വിസ സമ്പ്രദായമനുസരിച്ച് മറ്റ് ടൂറിസ്റ്റ് വിസകള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണെന്നും ഒമാന്‍ എയര്‍ പോര്‍ട്സിന്റെ അറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ വിസ പ്രവേശനം അനുസരിച്ച് വിനോദ സഞ്ചാരികള്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങുവാനുള്ള വിസയായിരിക്കും ലഭിക്കുക. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ പക്കല്‍ താമസിക്കുവാന്‍ ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടുള്ള സ്ഥിരീകരണ സന്ദേശം, ആരോഗ്യ ഇന്‍ഷുറന്‍സ്, മടക്കയാത്രക്കുള്ള ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

News Desk
Author

Related Articles