News

ഇന്ത്യയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കുത്തനെ ഇടിവ്: നോമുറ

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ ബിസിനസ്സ് പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ചയിലുടനീളം കുത്തനെ ഇടിവ് രേഖപ്പെടുത്തിയെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ നിരീക്ഷണം. ഒരു വര്‍ഷത്തിലേറേയുള്ള കാലയളവിലെ ഏറ്റവും കനത്ത പ്രതിവാര ഇടിവാണ് ഏപ്രില്‍ 25 ന് അവസാനിച്ച ആഴ്ചയില്‍ ഉണ്ടായിട്ടുള്ളത്. നോമുറ ഇന്ത്യ ബിസിനസ് പുനരാരംഭിക്കല്‍ സൂചിക (എന്‍ബിആര്‍ഐ) ഈ ആഴ്ചയില്‍ 8.5 ശതമാനം പോയിന്റുകള്‍ (പിപി) കുറഞ്ഞ് 75.9 -ലക്ക് എത്തി.   

രണ്ടാം തരംഗം നല്‍കുന്ന നേരിട്ടുള്ള പ്രത്യാഘാതം നിലവിലെ പാദത്തിന് അപ്പുറത്തേക്ക് പോയേക്കില്ലെന്ന നിഗമനവും റിപ്പോര്‍ട്ടിലുണ്ട്. കൊറോണയ്ക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 24 പിപി കുറവാണ് നിലവിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍. മഹാമാരിയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ വര്‍ധിച്ചതും ഗതാഗതത്തിനുള്ള തടസങ്ങളും ഉപഭോക്താക്കള്‍ വാങ്ങലുകളില്‍ പുലര്‍ത്തുന്ന ജാഗ്രയുമാണ് ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രധാനമായും ബാധിച്ചത്.

ഗൂഗിളിന്റെ റീട്ടെയില്‍- റിക്രിയേഷന്‍, ഓഫീസ് മൊബിലിറ്റി സൂചികകള്‍ യഥാക്രമം 11 പിപി, 13.6 പിപി എന്നിങ്ങനെ ഇടിഞ്ഞു, അതേസമയം ആപ്പിള്‍ ഡ്രൈവിംഗ് സൂചിക ആഴ്ചയില്‍ 23 പിപി കുറഞ്ഞു. എന്നാല്‍ ആളുകളുടെ ഗതാഗതവും വികസനവും തമ്മില്‍ നേരിട്ടുള്ള ബന്ധം കുറയ്ക്കുന്ന തരത്തില്‍ വിവിധയിടങ്ങളിലെ അന്താരാഷ്ട്ര വൈദഗ്ധ്യങ്ങളെ കൂട്ടിയിണക്കാന്‍ ആകുന്നുണ്ടെന്നും ഇത് സാമ്പത്തിക പ്രത്യാഘാതത്തെ പരിമിതപ്പെടുത്തുമെന്നും നോമുറയിലെ സാമ്പത്തിക വിദഗ്ധന്‍മാരായ സോനല്‍ വര്‍മയും ഔരോദീപ് നന്തിയും പറയുന്നു.   

റെയില്‍വേ ചരക്ക് വരുമാനം ഏപ്രിലില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് 63 ശതമാനം കുറഞ്ഞു. ജിഎസ്ടി ഇ-വേ പേയ്‌മെന്റുകള്‍ ഏപ്രിലിലെ ആദ്യത്തെ മൂന്ന് ആഴ്ചകളില്‍ ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം കുറഞ്ഞു. ഊര്‍ജ്ജ ആവശ്യകതയില്‍ 3.7 ശതമാനം ഇടിവ് മുന്‍വാരത്തെ അപേക്ഷിച്ച് ഏപ്രില്‍ 25ന് അവസാനിച്ച ആഴ്ചയില്‍ ഉണ്ടായി.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാഹചര്യം മെച്ചപ്പെട്ടെങ്കിലും 11 ശതമാനത്തിനു മുകളിലുള്ള വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ നേടുമോ എന്നത് സംശയത്തിന്റെ നിഴലിലാണെന്ന് നോമുറ പറയുന്നു. ഇന്ത്യയുടെ പ്രതിവാര വാക്‌സിനേഷന്‍ നിരക്ക് പ്രതിദിനം ശരാശരി 3.2 ദശലക്ഷം എന്നതില്‍ നിന്ന് 2.6 ദശലക്ഷം എന്ന നിലയിലേക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനേഷന്റെ വേഗത ജൂണ്‍ വരെ നിലനിന്നേക്കാം എന്നും അതിനു ശേഷം വിപണിയിലെ ആവശ്യകത മെച്ചപ്പെടാം എന്നും നോമുറ വിലയിരുത്തുന്നു.

Author

Related Articles