News

ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിരോധ - ബഹിരാകാശ രംഗം 85000 കോടിയുടേതാണ്. 18000 കോടിയാണ് ഇതില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്തെ എംഎസ്എംഇകള്‍  ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്‌നോളജിയും പുതിയ ഉല്‍പ്പന്നങ്ങളും എംഎസ്എംഇകള്‍ കൊണ്ടുവരണം. 12000 എംഎസ്എംഇകള്‍ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ എംഎസ്എംഇകള്‍ കൂടുതലായി ഈ സെക്ടറിലേക്ക് വരാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജന പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ഇറക്കുമതിയേക്കാള്‍ കൂടുതല്‍ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നത്. ലോകത്ത് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രതിരോധ സേനകള്‍ രാജ്യത്തെ സ്ഥാപനങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ കമ്പനികള്‍ക്കാണ് പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനാവുക, എന്നാല്‍ ചെറിയ കമ്പനികളുണ്ടെങ്കിലേ അത്തരം വലിയ കമ്പനികള്‍ക്ക് മുന്നേറ്റമുണ്ടാക്കാനാവൂ. അതിനാല്‍ എംഎസ്എംഇകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News Desk
Author

Related Articles