News

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റിസര്‍വ്വ് ബാങ്കിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്നാണ് ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക മേഖലയ്ക്ക് ഡിജിറ്റല്‍ കറന്‍സി പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 'ഡിജിറ്റല്‍ റൂപ്പീ' യാഥാര്‍ത്ഥ്യമാക്കുമെന്നാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം.

ബിറ്റ് കോയിനും എഥീറിയവും അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഭരണകൂടങ്ങളുടേയും ദേശീയ ബാങ്കിംഗ് സംവിധാനത്തിന്റെയും ചട്ടക്കൂടുകള്‍ക്ക് പുറത്താണ്, ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ഈ വിഷയം നിര്‍മ്മല സീതാരാമന്‍ പരാമര്‍ശിച്ചില്ല. കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സി പൂര്‍ണ്ണമായും ഭരണകൂട നിയന്ത്രണത്തിലായിരിക്കും. ക്രിപ്‌റ്റോയുടെ കാര്യത്തില്‍ കേന്ദ്ര നിലപാട് എന്തായിരിക്കുമെന്ന പ്രഖ്യാപനും ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author

Related Articles