News

2024ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം 99 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തും

മുംബൈ: 2019-24 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗം 27 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാര രംഗം 99 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഇവൈ-ഐവിസിഎ ട്രെന്‍ഡ്ബുക്ക് 2021 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ആകുമ്പോഴേക്കും രാജ്യത്ത് 220 ദശലക്ഷം ഓണ്‍ലൈന്‍ ഷോപ്പര്‍മാരുണ്ടാകും രാജ്യത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ റീട്ടെയ്ല്‍ പെനട്രേഷന്‍ 10.7 ശതമാനമാകും. 2019ല്‍ ഇത് 4.7 ശതമാനമായിരുന്നു. 2025 ആകുമ്പോഴേക്കും ഒരു ട്രില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമാണ് ഇതിന് ആക്കം കൂട്ടുന്നത്.   

മൊത്തം സംഘടിത റീട്ടെയ്ല്‍ മാര്‍ക്കറ്റിന്റെ 25 ശതമാനം വരും ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റ്. ഇത് 37 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം നിര, മൂന്നം നിര നഗരങ്ങളിലെ ആയിരക്കണക്കിന് പേര്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലിലേക്ക് കൂടുമാറും. തനതായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള അവസരം കൂടി ഓണ്‍ലൈന്‍ വിപ്ലവം ഒരുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്ന പ്രക്രിയ ശക്തമാകുമെന്നും ഇത് ഇ-കൊമേഴ്‌സ് രംഗത്തിന് കരുത്താകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   

അതേസമയം സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഇ-കൊമേഴ്‌സ് രംഗത്തിന് കരുത്താകുമെന്നും വിലയിരുത്തപ്പെടുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഇന്നവേഷന്‍ ഫണ്ട്, ഭാരത് നെറ്റ് തുടങ്ങിയ പദ്ധതികള്‍ പരമ്പരാഗത ഓഫ്‌ലൈന്‍ ബിസിനസുകള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസിലേക്ക് പരിവര്‍ത്തനപ്പെടാനുള്ള അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ബി2സി ഇ-കൊമേഴ്‌സ് രംഗത്തും വലിയ വളര്‍ച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സപ്ലൈ ചെയിന്‍, ഗ്ലോബല്‍ എക്‌സ്പാന്‍ഷന്‍, ഏറ്റെടുക്കലുകള്‍ തുടങ്ങിയ പ്രക്രിയയ്ക്ക് ഇത് ഗുണം ചെയ്യും. ബിറ്റുസി മേഖലയില്‍ വലിയ നിക്ഷേപങ്ങളും നടക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനര്‍ മാര്‍ക്കറ്റ് പ്ലേസായ ലിവ്‌സ്‌പേസില്‍ പോയ വര്‍ഷം 90 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് എത്തിയത്. ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ 52 മില്യണ്‍ ഡോളറും എത്തി. വെന്‍ച്വറി പാര്‍ട്‌ണേഴ്‌സ്, ബീസീമെര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ടിപി ക്യാപിറ്റല്‍, സിഡിസി ഗ്രൂപ്പ് പിഎല്‍സി, ആലിബാബ തുടങ്ങിയവരെല്ലാമായിരുന്നു പ്രധാന നിക്ഷേപകര്‍.

Author

Related Articles