News

രണ്ടാം പാദത്തില്‍ വളര്‍ച്ച 4.7 ശതമാനമെന്ന് റോയിട്ടേഴ്‌സ്; ആര്‍ബിഐ വീണ്ടും പലിശ നിരക്ക് കുറച്ചേക്കും

നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുമോ?  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെല്ലാം ഇപ്പോഴും തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നത്. ഉപഭോഗ മേഖലയിലും, സ്വകാര്യ നിക്ഷേപ മേഖലയിലും രൂപപ്പെട്ട തളര്‍ച്ചയുമാണ്  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ചുരുങ്ങാന്‍ കാരണം.  രാജ്യത്തെ കയറ്റുമുതി വ്യാപാരത്തില്‍ രൂപപ്പെട്ട തളര്‍ച്ചയും  വളര്‍ച്ചാ നിരക്ക്  കുറയുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം രണ്ടാം പാദത്തിലെ ജിഡിപി ഫലങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.  

എന്നാല്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു ജൂണ്‍പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസയം വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍  ആര്‍ബിഐ വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3-5 വരെ ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്നാണ് റോയിട്ടേഴ്‌സിന്റെ സര്‍വേ റിപ്പോര്‍്ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  വളര്‍ച്ച കുറയുമെന്ന ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍  രാജ്യത്താകെ ഒക്ടോബറില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചിരുന്നു. ബാങ്കിങ് മേഖലയുടെ വായ്പാ ശേഷി വീണ്ടെടുക്കുക, സംരംഭകര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പുവര്‍ഷം നടപ്പിലാക്കുകയെന്നാണ്് റിപ്പോര്‍ട്ട്.

Author

Related Articles