News

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധന; 21.35 ശതമാനം ഉയര്‍ന്ന് 3344 കോടി ഡോളറിലെത്തി

മുംബൈ: സെപ്റ്റംബറില്‍ രാജ്യത്ത് നിന്നുള്ള കയറ്റുമതി 21.35 ശതമാനം ഉയര്‍ന്ന് 3344 കോടി ഡോളറിലെത്തി (2.48 ലക്ഷം കോടി രൂപ). 2020 സെപ്റ്റംബറിലിത് 2756 കോടി ഡോളറും 2019ല്‍ 2602 കോടി ഡോളറുമായിരുന്നു. എന്‍ജിനിയറിങ് ഉത്പന്നങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലെ വര്‍ധനയാണ് നേട്ടത്തിനു പിന്നിലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഇറക്കുമതി 84.75 ശതമാനം ഉയര്‍ന്ന് 5638 കോടി (4.19 ലക്ഷം കോടി രൂപ) ഡോളറായി. 2020 സെപ്റ്റംബറിലിത് 3052 കോടി ഡോളറും 2019-ല്‍ 3769 കോടി ഡോളറുമായിരുന്നു. ഇതോടെ വ്യാപാരക്കമ്മി 750 ശതമാനം ഉയര്‍ന്ന് 2294 കോടി (1.70 ലക്ഷം കോടി രൂപ) ഡോളറിലെത്തി. നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആകെ വ്യാപാരക്കമ്മി 7881 കോടി (5.86 ലക്ഷം കോടി രൂപ) ഡോളര്‍ ആയിട്ടുണ്ട്. ഏപ്രില്‍- സെപ്റ്റംബര്‍ കാലത്ത് കയറ്റുമതി മുന്‍വര്‍ഷത്തെ 12,561 കോടി ഡോളറിനെക്കാള്‍ 56.92 ശതമാനം വര്‍ധിച്ച് 19,711 കോടി ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ എന്‍ജിനിയറിങ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 36.7 ശതമാനത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടേത് 39.32 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി. അതേസമയം, മരുന്നുകളുടെയും മരുന്നുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ 8.47 ശതമാനം ഇടിവുണ്ടായി. പെട്രോളിയം, അസംസ്‌കൃത എണ്ണ-അനുബന്ധ ഉത്പന്നങ്ങളുടെ ഇറക്കുമതി 200 ശതമാനം ഉയര്‍ന്നു.

Author

Related Articles