News

ഇന്ത്യ-ചൈന വ്യാപാരം മുന്നേറ്റത്തില്‍; കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിച്ചു

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. ഇറക്കുമതിക്ക് പുറമെ ചൈനയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019നെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധിച്ച് 22.9 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധനവാണ് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2019ല്‍ ഇത് 17.1 ബില്യണായിരുന്നുവെന്നാണ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, കയറ്റുമതി മാത്രമല്ല ഇറക്കുമതിയും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 28 ശതമാനം വര്‍ദ്ധിച്ച് 87.5 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഇത് ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ഇത് 68.4 ബില്യണ്‍ ഡോളറായിരുന്നു. ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, വ്യാപാര കമ്മി ഉയര്‍ന്നതായും കാണിക്കുന്നുണ്ട്. 2019ല്‍ 51.2 ബില്യണ്‍ ഡോളറായിരുന്ന വ്യാപാര കമ്മി ഈ വര്‍ഷം അത് 64.5 ബില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.

2019മായി താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതി അവിടെ നിന്നുള്ള ഇറക്കുമതിയേക്കാള്‍ വളരെ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നതെന്ന് വ്യാപാര രംഗത്തെ വിദഗ്ദ്ധര്‍ പറഞ്ഞു. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ സാധ്യതകളാണ് തെളിഞ്ഞു വരുന്നത് എന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ഖാലിദ് ഖാന്‍ പറഞ്ഞു. നമ്മുടെ കയറ്റുമതിക്കാര്‍ ചൈനയില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഭാവിയില്‍ കയറ്റുമതി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇതിലൂടെ സാധിക്കും.

ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍, ഇന്റര്‍മീഡിയറ്റ് ഗുഡ്സ്, ക്യാപിറ്റല്‍ ഗുഡ്സ് എന്നിവയുടെ ഇറക്കുമതി 2019 നെ അപേക്ഷിച്ച് 2021 ല്‍ വര്‍ദ്ധിച്ചു. അതേസമയം, ഉപഭോക്തൃ വസ്തുക്കളുടെ ഇറക്കുമതി 2019-ല്‍ 14.7 ശതമാനത്തില്‍ നിന്ന് 2021-ല്‍ 10.4 ശതമാനമായി കുറഞ്ഞുവെന്നും മറ്റൊരു സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു. അതിന് പുറമെ, 2021-ല്‍, യുഎസ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 112.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ വ്യാപാര പങ്കാളിയാണ് യുഎസ്.

ചൈന (110.4 ബില്യണ്‍ ഡോളര്‍), യുഎഇ (68.4 ബില്യണ്‍), സൗദി അറേബ്യ (35.6 ബില്യണ്‍ യുഎസ് ഡോളര്‍), സ്വിറ്റ്‌സര്‍ലന്‍ഡ് (30.8 ബില്യണ്‍ യുഎസ് ഡോളര്‍), ഹോങ്കോംഗ് (29.5 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവയാണ് അമേരിക്കയ്ക്ക് പിന്നാലെയുള്ള രാജ്യങ്ങള്‍. 2020നെ അപേക്ഷിച്ച് 2021ലെ വ്യാപാരത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ്-19ന് ശേഷമുള്ള കാലയളവില്‍ ഹോങ്കോംഗും സിംഗപ്പൂരും ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം 2020-നെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാമ്പത്തിക വിദ്ഗധന്‍ ചൂണ്ടിക്കാണിക്കുന്നു.

Author

Related Articles