News

ഇന്ത്യയുടെ ശക്തമായ നിലപാട് ഫലം കണ്ടു; മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിതരണം കുറച്ചാലും ഇന്ത്യയ്ക്ക് കുറവ് വരുത്തില്ലെന്ന് സൗദി

ന്യൂഡല്‍ഹി: എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഏപ്രിലിലും നടപ്പാക്കാനുള്ള ഒപെക് പ്ലസിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഇന്ത്യ സ്വീകരിച്ച ശക്തമായ നിലപാട് ഫലം കണ്ടു. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിതരണം കുറച്ചാലും ഇന്ത്യയ്ക്ക് മാസം തോറുമുള്ള എണ്ണ വിതരണത്തില്‍ കുറവ് വരുത്തില്ലെന്ന സൂചനയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ജപ്പാന്‍, കൊറിയ, ചൈന അടക്കം നിരവധി ഉപഭോക്താക്കള്‍ക്കുള്ള ഏപ്രിലിലേക്കുള്ള എണ്ണവിതരണം സൗദി 15 ശതമാനം വരെ വെട്ടിക്കുറച്ചങ്കെിലും ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ധന ഉപഭോക്താവായ ഇന്ത്യയ്ക്കുള്ള എണ്ണ വിതരണത്തില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ട സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം വര്‍ധിപ്പിക്കാന്‍ സൗദി തയ്യാറായിട്ടില്ല.   

ഏഷ്യന്‍ വിപണികളിലേക്ക് ഏറ്റവുമധികം എണ്ണ വിതരണം ചെയ്യുന്നത് സൗദിയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയാണ്. ഫെബ്രുവരി വരെ അരാംകോ വിതരണം കുറച്ചിരുന്നെങ്കിലും മാര്‍ച്ചില്‍ വിതരണം മുന്‍ അളവില്‍ നിലനിര്‍ത്തിയതായാണ് സ്രോതസ്സുകള്‍ പറയുന്നത്. എന്നാല്‍ ഏപ്രിലില്‍ വീണ്ടും വിതരണം വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന.

എണ്ണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനായി ഉല്‍പ്പാദന നിയന്ത്രണം തുടരാനുള്ള എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ വളരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയരുന്നതിന്റെ പ്രധാന കാരണം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ പോലെ വന്‍തോതില്‍ എണ്ണ ഉപയോഗിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ ആഘാതം വളരെ വലുതാണ്. ഉല്‍പ്പാദന നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് നേരത്തെ ലഭിച്ചിരുന്ന അളവില്‍ തന്നെ എണ്ണ ലഭിക്കുന്നത് ഇന്ത്യയുടെ ശക്തമായ നിലപാട് കാരണമാണെന്നാണ് പൊതുവെയുള്ള അനുമാനം.

Author

Related Articles