News

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും; ഭൂമി ഏറ്റെടുക്കല്‍ കോവിഡ് താറുമാറാക്കി

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍. കോവിഡ് വ്യാപനം മൂലം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയതാണ് കാരണം. 2023 ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 2028 ഒക്ടോബര്‍ വരെ പദ്ധതി നീണ്ടേക്കുമെന്നാണ് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

90 ശതമാനം ഭൂമി ഏറ്റെടുത്താലേ ടെണ്ടര്‍  ക്ഷണിക്കാനാവൂ.  എന്നാല്‍ എല്ലാ നടപടികളും കോവിഡ് വ്യാപനം മൂലം വൈകി. ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ വ്യക്തത വരുത്താനാവും. ഇതിന് ശേഷമേ പദ്ധതി പൂര്‍ത്തീകരണത്തിന് കൃത്യമായ സമയം പറയാനാവൂ എന്ന് ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

പദ്ധതിക്ക് 1396 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 885 ഹെക്ടര്‍ ഏറ്റെടുത്തു. ഗുജറാത്തില്‍ 82 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍ 23 ശതമാനം ഭൂമിയേ ഏറ്റെടുക്കാനായുള്ളൂ. ദാദ്ര നഗര്‍ ഹവേലിയില്‍ ഏറ്റെടുക്കേണ്ട ഒന്‍പത് ഹെക്ടറില്‍ ഏഴ് ഹെക്ടറും ഏറ്റെടുത്തു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഗുജറാത്തില്‍ 95 ശതമാനം മുതല്‍ 100 ശതമാനം വരെ ഭൂമി ഏറ്റെടുക്കാനാവും. എന്നാല്‍ കോവിഡ് മൂലം മഹാരാഷ്ട്രയില്‍ പദ്ധതി നടത്തിപ്പ് താളം തെറ്റിയ നിലയിലാണ്.

പദ്ധതിയുടെ ഭാഗമായ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയ്ക്ക് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയില്‍ കൂടിയുള്ള പാതയാണ്. എന്നാല്‍ ജപ്പാനില്‍  നിന്നുള്ള നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ട് വന്നില്ല. ഇത്തരം പദ്ധതികള്‍ക്ക് ഒട്ടനേകം സര്‍വേ നടത്തണം. കോവിഡ് കാലത്ത് അന്താരാഷ്ട്ര യാത്ര തടസപ്പെട്ട സാഹചര്യത്തിലാണ് മേഖലയില്‍ പ്രാവീണ്യമുള്ള ജപ്പാന്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നതെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

Author

Related Articles